കോഴിക്കോട്ട് പട്ടാപകൽ വൃദ്ധനെ കുത്തിക്കൊലപ്പെടുത്തി; കൃത്യം ചെയ്തത് ജയിലിൽ പോകാൻ വേണ്ടിയെന്ന് പ്രതി

Posted on: April 20, 2019 9:29 pm | Last updated: April 20, 2019 at 9:29 pm

കോഴിക്കോട്: നഗരമധ്യത്തിൽ പട്ടാപകൽ വൃദ്ധനെ കുത്തിക്കൊലപ്പെടുത്തി. മാനാഞ്ചിറയിലെ പോലീസ് കമ്മീഷണറുടെ ഓഫീസിനു സമീപം ശനിയാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു സംഭവം. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അജ്ഞാതനാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ വളയം സ്വദേശി പ്രബിൻ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

വൃദ്ധനെ കുത്തിയ ശേഷം കത്തിയുമായി യുവാവ് കമ്മീഷണർ ഓഫീസിലേക്ക് കയറി ചെല്ലുകയായിരുന്നു. താൻ ഒരാളെ കുത്തി എന്നും ജയിലിൽ പോകാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് പുറത്തിറങ്ങി നോക്കിയപ്പോൾ കഴുത്തിൽ മുറിവേറ്റ ഒരാൾ കമ്മീഷണർ ഓഫീസിലേക്ക് ഓടി വരുന്നത് കണ്ടു. ഓഫീസ് വളപ്പിൽ കുഴഞ്ഞുവീണ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാൾ തമിഴ്നാട് സ്വദേശി യാണെന്ന് കരുതുന്നു.

കൊലപ്പെടുത്താൻ വേണ്ടി താൻ യാചകരെ അന്വേഷിച്ച് നടക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക രോഗം ഉള്ളതായി സംശയിക്കുന്നു.