Connect with us

Pathanamthitta

തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിധി നിർണയിക്കുക അടിയൊഴുക്കും വോട്ട് ചോർച്ചയും

Published

|

Last Updated

ശക്തമായ പോരാട്ടം നടക്കുന്ന തെക്കൻ കേരളത്തിലെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിധി നിർണയിക്കുക അടിയൊഴുക്കുകൾ. ആവേശകരമായ മത്സരത്തിനാണ് ഇത്തവണ ഇരുമണ്ഡലങ്ങളും സാക്ഷ്യം വഹിക്കുന്നത്. അടിയൊഴുക്കുകളും വോട്ട് ചോർച്ചയും പ്രധാന ഘടകങ്ങളാകുന്ന ഇരുമണ്ഡലങ്ങളിലും പ്രതീക്ഷക്കും ആശങ്കക്കുമിടയിലാണ് മൂന്ന് മുന്നണികളും. പ്രധാനമായും ഏറ്റുമുട്ടുന്ന എൽ ഡി എഫ്- യു ഡി എഫ് മുന്നണികൾക്ക് പുറമെ ഏറെ അവകാശവാദങ്ങളുമായി ഇറങ്ങിയ ബി ജെ പി ജയം ഉറപ്പിച്ചിട്ടില്ലെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല.
ഈ മണ്ഡലങ്ങൾ ബി ജെ പിയുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കളുടെ ശ്രദ്ധയിലുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രസംഗിച്ചു പോയതിന് പിന്നാലെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനെത്തിയിരുന്നു.

ശശി തരൂരിന്റെ ഹാട്രിക് വിജയത്തിനായി രാഹുൽ പ്രസംഗിച്ചെങ്കിൽ താമര വിരിയിക്കാനായിരുന്നു മോദിയുടെ വരവ്. തിരുവനന്തപുരത്ത് കുമ്മത്തെ വിജയിപ്പിക്കാൻ യു ഡി എഫിൽ നിന്നുതന്നെ അടിയൊഴുക്കുകൾ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. സർവേ ഫലങ്ങളും ഈ വഴിക്കാണ്.

നിലവിൽ ശശി തരൂരിന് മുൻതൂക്കമുണ്ടെങ്കിലും അടിയൊഴുക്കുകളിലാണ് ബി ജെ പി പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. എന്നാൽ, ശബരിമല പോലുള്ള വിഷയങ്ങളിൽ യു ഡി എഫും ബി ജെ പിയും വോട്ട് പങ്കുവെക്കുമ്പോൾ ഇതിനിടയിലൂടെ ജയിച്ചുകയറാമെന്നാണ് എൽ ഡി എഫ് കരുതുന്നത്.

ദക്ഷിണേന്ത്യയിൽ മുഖ്യ ചർച്ചാവിഷയമായി മാറിയ, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാർലിമെന്റ്മണ്ഡലമായ പത്തനംതിട്ടയിൽ ആര് ജയിക്കുമെന്നറിയാൻ മലയാളികൾ കാത്തിരിക്കുകയാണ്. കേരളത്തിലെ വിവിധ മാധ്യമങ്ങൾ നടത്തിയ എല്ലാ സർവേകളും യു ഡി എഫിനാണ് വിജയം പ്രവചിച്ചിരിക്കുന്നത്. സിറ്റിംഗ് എം പി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് തേരോട്ടത്തിൽ വ്യക്തമായ മുൻതൂക്കം നേടിയെന്നാണ് നിരീക്ഷണം. സർവേ നടന്നിട്ട് നാളുകൾ ഏറെ കഴിഞ്ഞിരിക്കുന്നുവെന്നതിനാൽ പുറത്തുവന്ന ഫലപ്രവചനങ്ങൾ മാറിയേക്കാം.

പത്തനംതിട്ടയിൽ വളരെ കടുത്ത ഒരു മത്സരമാണെങ്കിലും ആന്റോ ആന്റണിക്ക് 32 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ സർവേ ഫലങ്ങൾ പ്രവചിക്കുന്നു. ബി ജെ പി സ്ഥാനാർഥി 31 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തും 29 ശതമാനം വോട്ടോടെ വീണ ജോർജ് മൂന്നാം സ്ഥാനത്തെത്തുമെന്നും സർവേ ഫലങ്ങൾ പ്രവചിക്കുന്നുന്നുണ്ടെങ്കിലും 30 ശതമാനത്തിൽ താഴെയുള്ള ഹിന്ദുവോട്ട് വെച്ചാണ് ഈ കണക്കുകളെന്നത് ഇതിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. ഈ മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന കാര്യത്തിൽ സർവേകൾ ഏകാഭിപ്രായത്തിലാണ്. ബി ജെ പി അധ്യക്ഷൻ അമിത്ഷാ കേരളത്തിൽ അഞ്ച് സീറ്റ് ലഭിക്കുമെന്ന് പറഞ്ഞത് അതിശയോക്തിപരമാണ്. എന്നാൽ, കേരളത്തിൽ ഒരു മണ്ഡലത്തിൽ വിജയിക്കാനായാൽപ്പോലും ബി ജെ പിക്ക് അതൊരു വലിയ നേട്ടമായിരിക്കും. ആന്റോ ആന്റണിക്കെതിരെ മണ്ഡലത്തിൽ ഉയർന്ന വിരുദ്ധ അഭിപ്രായം ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന് അനുകൂലമായുണ്ടായ വികാരവും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാനമാകുമെന്നും മൂന്ന് ലക്ഷത്തിനു മേൽ വോട്ട് നേടാനാകുമെന്നാണ് ബി ജെ പി ക്യാമ്പ് അവകാശപ്പെടുന്നത്.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടുകളും സഭാതർക്കത്തിൽ യാക്കോബായ വിഭാഗത്തിനുള്ള പ്രതിഷേധവും ഇടതു മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്നും യു ഡി എഫും ബി ജെ പിയും കരുതുന്നു. എന്നാൽ ബി ജെ പിയുടെയും യു ഡി എഫിന്റെ പ്രതീക്ഷകളെ കാര്യമായി കാണേണ്ടതില്ലെന്നാണ് എൽ ഡി എഫ് ക്യാമ്പിന്റെ പ്രതികരണം.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest