Connect with us

International

മെസി 'ബാലന്‍ദിയോറി'ന് ഇത്തവണയും അര്‍ഹന്‍: റിവാള്‍ഡോ

Published

|

Last Updated

2015ല്‍ മെസിക്ക് ബാലന്‍ദിയോര്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍

ബ്രസീലിയ: 2019ലെ ബാലന്‍ദിയോര്‍ പുരസ്‌കാരത്തിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയെ ഏറ്റവും മുകളില്‍ പ്രതിഷ്ഠിച്ച് ബാര്‍സലോണ സ്‌ട്രൈക്കറും മുന്‍ ബ്രസീല്‍ താരവുമായ റിവാള്‍ഡോ. ഈ സീസണിലെ കിടിലന്‍ പ്രകടനം കണക്കിലെടുക്കുമ്പോള്‍ മെസിക്കു തന്നെയാണ് അവാര്‍ഡ് ലഭിക്കേണ്ടതെന്ന് റിവാള്‍ഡോ വ്യക്തമാക്കി. മെസ്സി അര്‍ജന്റീനക്കു വേണ്ടി ലോകകപ്പ് നേടുന്നത് കാണാനുള്ള തന്റെ ആഗ്രഹവും റിവാള്‍ഡോ വെളിപ്പെടുത്തി.

“മെസിയെന്ന പ്രതിഭയെ വിശദീകരിക്കുക അസാധ്യമാണ്. ഞാന്‍ അദ്ദേഹത്തെ ഒരുപാടിഷ്ടപ്പെടുന്നു. എന്നാല്‍ ഇതേവരെ അര്‍ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ മെസിക്ക് കഴിഞ്ഞിട്ടില്ലെന്നത് വേദനയുണ്ടാക്കുന്നു. മെസിയെ പോലൊരു ക്ലാസിക് പ്ലെയര്‍ ലോക ചാമ്പ്യനാകുക തന്നെ വേണം.”- റിവാള്‍ഡോ പറഞ്ഞു.

നേട്ടങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍ ബാലന്‍ദിയോറിന് മെസി എന്തുകൊണ്ടും അര്‍ഹനാണ്. മെസി ഗോളുകള്‍ നേടിക്കൊണ്ടിരിക്കുന്നു. സഹ താരങ്ങള്‍ക്ക് കളിക്കളത്തില്‍ മികച്ച പിന്തുണ നല്‍കുന്നു. ദീര്‍ഘകാലമായി ലാ ലീഗയിലെ ടോപ് സ്‌കോററുമാണ്. ചാമ്പ്യന്‍സ് ലീഗിലെ മെസിയുടെ പ്രകടനവും ഗംഭീരമാണ്. ചാമ്പ്യന്‍സ് ലീഗ് വിജയിക്കാനായില്ലെങ്കില്‍ പോലും മെസി ബാലന്‍ദിയോറിന് അര്‍ഹനാണ്- റിവാള്‍ഡോ തുടര്‍ന്നു.

നിരവധി തവണ മെസിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കൈവശം സൂക്ഷിച്ച ബാലന്‍ദിയോര്‍ കഴിഞ്ഞ വര്‍ഷം ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ നായകനും റിയല്‍ മാഡ്രിഡ് മധ്യ നിരക്കാരനുമായ ലൂക്കാ മോഡ്രിച്ചാണ് നേടിയത്. ഈ സീസണില്‍ ബാര്‍സലോണക്കു വേണ്ടി 45 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്.

---- facebook comment plugin here -----

Latest