Connect with us

National

തിരഞ്ഞെടുപ്പു നിരീക്ഷകന് സസ്‌പെന്‍ഷന്‍: പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു നിരീക്ഷകനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. “വാഹനങ്ങള്‍ പരിശോധിക്കുകയെന്ന തന്റെ ചുമതല നിര്‍വഹിച്ചതിന് ഒരുദ്യോഗസ്ഥനെ തിരഞ്ഞെടുപ്പു കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഔദ്യോഗിക വാഹനങ്ങള്‍ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് അദ്ദേഹം പരിശോധിച്ചത്. അതില്‍ നിന്ന് പ്രധാന മന്ത്രിയുടെ വാഹനത്തെ ഒഴിവാക്കാന്‍ കഴിയില്ല. മാത്രമല്ല, രാജ്യം കാണാന്‍ ആഗ്രഹിക്കാത്ത എന്താണ് മോദി ഹെലികോപ്ടറില്‍ വച്ചിരുന്നതെന്ന ചോദ്യവും ഇതില്‍ ഉദിക്കുന്നുണ്ട്.”-കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

പ്രധാന മന്ത്രി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിന് എത്താന്‍ ഉപയോഗിച്ച ഹെലികോപ്ടറാണ് കര്‍ണാടകയില്‍ നിന്നുള്ള 1996 ബാച്ച് ഐ എ എസ് ഓഫീസറായ മുഹമ്മദ് മുഹ്‌സിന്‍ പരിശോധിച്ചത്. പ്രത്യേക സുരക്ഷാ ഗ്രൂപ്പിന്റെ (എസ് പി ജി) സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളവരുമായി ബന്ധപ്പെട്ട് 2014 മാര്‍ച്ച് 22, ഏപ്രില്‍ 10 തീയതികളില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് മുഹ്‌സിന്റെ നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. വരണാധികാരി കൂടിയായ സംബല്‍പൂര്‍ ജില്ലാ കലക്ടറും പോലീസ് ഡി ഐ ജിയും മുഹ്‌സിന്റെ നടപടിയില്‍ വീഴ്ചയുണ്ടായെന്നു കാണിച്ച് രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

Latest