Connect with us

International

പാക്കിസ്ഥാനില്‍ 14 ബസ് യാത്രക്കാരെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു

Published

|

Last Updated

ക്വറ്റ: പാക്കിസ്ഥാനില്‍ ബസ് യാത്രക്കാരായ 14 പേരെ അജ്ഞാത അക്രമി സംഘം വെടിവെച്ചു കൊന്നു. സംഘര്‍ഷ ബാധിതമായ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മക്രാന്‍ തീരദേശ പാതയിലാണ് സംഭവം. അര്‍ധ സൈനിക വിഭാഗത്തിന്റെ യൂനിഫോം ധരിച്ചെത്തിയ സംഘം യാത്രക്കാരെ ബസുകളില്‍ നിന്ന് പുറത്തിറക്കിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രവിശ്യാ ആഭ്യന്തര സെക്രട്ടറി ഹൈദര്‍ അലി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഒരു നാവിക ഉദ്യോഗസ്ഥന്‍ തീരദേശ ഗാര്‍ഡ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

തീരദേശ നഗരമായ ഒര്‍മാറയില്‍ നിന്ന് കറാച്ചിയിലേക്കു പോവുകയായിരുന്ന ബസിലെ യാത്രക്കാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബ് സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടും മുമ്പാണ് വീണ്ടും ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തിയിലുള്ളതും ദരിദ്ര ജനവിഭാഗങ്ങള്‍ താമസിക്കുന്നതുമായ ബലൂചിസ്ഥാന്‍ പ്രവിശ്യ ഭീകര പ്രവര്‍ത്തകര്‍ വാഴുന്ന മേഖല കൂടിയാണ്.

Latest