Connect with us

International

പാരീസിലെ നോത്രെ ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം; ഗോപുരം കത്തിനശിച്ചു

Published

|

Last Updated

പാരീസ്: ഫ്രാന്‍സിലെ അതിപുരാതന ക്ഷേത്രമായ നോത്രെ ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. നൂറുകണക്കിന് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീയണച്ചു. തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ളതും 850 വര്‍ഷം പഴക്കമുള്ളതുമായ ദേവാലയത്തിന്റെ മേല്‍ക്കൂരയിലാണ് അഗ്നിബാധയുണ്ടായത്. ഇത് പിന്നീട് ഗോപുരത്തിലേക്കു പടരുകയായിരുന്നു. ഗോപുരം പൂര്‍ണമായി കത്തിനശിച്ചു. പ്രധാന കെട്ടിടത്തെ തീയേല്‍ക്കാതെ സംരക്ഷിക്കാന്‍ കഴിഞ്ഞു. കത്തീഡ്രലില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.

അഗ്നിബാധയെ തുടര്‍ന്ന് പരിസരങ്ങളിലെ കെട്ടിടങ്ങളില്‍ നിന്നും മറ്റും ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിക്കുകയും കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസ് അടയ്ക്കുകയും ചെയ്തിരുന്നു. കത്തീഡ്രലിലെ അമൂല്യ വസ്തുക്കള്‍ക്ക് കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്നും ഗോപുരം ഉടന്‍ പുനര്‍ നിര്‍മിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചു.