Connect with us

National

വിദ്വേഷ പ്രസംഗം: യോഗി ആദിത്യനാഥിന് മൂന്ന് ദിവസത്തെ വിലക്ക്; മായാവതിക്ക് രണ്ട് ദിവസവും

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും (72 മണിക്കൂർ) മായാവതിയെ രണ്ട് ദിവസത്തേക്കും (48 മണിക്കൂർ) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി. നാളെ രാവിലെ ആറ് മുതല്‍ വിലക്ക് നിലവില്‍ വരും. വിലക്കുള്ള സമയത്ത് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലോ റോഡ് ഷോയിലോ പങ്കെടുക്കാനോ മാധ്യമങ്ങളെ കാണാനോ പാടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

വിദ്വേഷ പ്രസംഗം നടത്തിയതിന് ഇരുവര്‍ക്കും എതിരെ നടപടി എടക്കാത്തത്തില്‍ സുപ്രീം കോടതി കമ്മീഷനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും എതിരെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവിറക്കിയത്.

നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമില്ലേയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ചോദിച്ചിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കാനും പരാതിപ്പെടാനും മാത്രമെ തങ്ങള്‍ക്ക് അധികാരമുള്ളവെന്നും അയോഗ്യരാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥരോട് ചൊവ്വാഴ്ച ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ സെെന്യത്തെ മോദിജി കി സേന എന്ന് വിശേഷിപ്പിച്ചതിനാണ് യോഗി ആദിത്യനാഥിന് എതിരെ നടപടി.