Connect with us

Ongoing News

'മോദി വീണ്ടും പ്രധാനമന്ത്രിയായാൽ അമിത് ഷാ പിടിക്കും ആഭ്യന്തരം'

Published

|

Last Updated

പനാജി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ബി ജെ പി അധ്യക്ഷൻ അമിത് ഷായായിരിക്കും അടുത്ത ആഭ്യന്തര മന്ത്രിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എ എ പി ഗോവയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മോദി വീണ്ടും പ്രധാനമന്ത്രിയായാൽ, ഉറപ്പിക്കാം അടുത്ത ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണെന്ന്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമിത് ഷാ മത്സരിച്ചിരുന്നില്ല. ഇത്തവണ ഗാന്ധിനഗറിൽ നിന്ന് മത്സരിക്കുകയാണ്. അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായാൽ സംഭവിക്കാൻ പോകുന്നതെന്താണെന്ന് ആലോചിക്കുന്നത് നല്ലതാണ്. ഗോവയിൽ ആൾക്കൂട്ടക്കൊലകളൊന്നും ഇല്ലാത്തത് ഭാഗ്യമാണ്. ബി ജെ പി വീണ്ടും അധികാരത്തിലെത്തിയാൽ ഈ അവസ്ഥ മാറും. സഞ്ചാരികൾ ഇവിടേക്ക് വരുന്നത് നിർത്തും. നിങ്ങളുടെ ജോലി, വ്യാപാരം, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല ആകെ തകരും”- കെജ്്രിവാൾ പറഞ്ഞു.
രാജ്യത്തെയും ഭരണഘടനയും സംരക്ഷിക്കാൻ “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന രീതിയിൽ നേരിടേണ്ട തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

ജർമനിയിലെ നാസി നേതാവ് ഹിറ്റ്‌ലർക്ക് സമാനമായാണ് മോദി പ്രവർത്തിക്കുന്നത്. അധികാരത്തിലെത്തി മൂന്ന് മാസം കൊണ്ട് രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതിയ ആളാണ് ഹിറ്റ്‌ലർ. ആ മാതൃക തന്നെയാണ് മോദിയും ബി ജെ പിയും പിന്തുടരുന്നതെന്നും എ എ പി കൺവീനർ പറഞ്ഞു. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ട പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പ്രസ്താവനയെയും കെജ്രിവാള്‍ വിമർശിച്ചു. എന്താണ് മോദിയും ഇംറാൻ ഖാനും തമ്മിലുള്ള ഇടപാടെന്ന് കെജ്രിവാള്‍ ചോദിച്ചു.

Latest