വിദ്വേഷ പ്രസംഗം; നടപടി സ്വീകരിക്കാത്തതില്‍ തിരഞ്ഞെടുപ്പു കമ്മീഷന് സുപ്രീം കോടതി വിമര്‍ശനം

Posted on: April 15, 2019 12:24 pm | Last updated: April 15, 2019 at 7:37 pm

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി സ്വീകരിക്കാത്തതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‌
സുപ്രീം കോടതിയുടെ വിമര്‍ശനം. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രി മായാവതി എന്നിവര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടാണ് കമ്മീഷനെ കോടതി വിമര്‍ശിച്ചത്. നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമില്ലേയെന്ന് കോടതി ചോദിച്ചു.

പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കാനും പരാതിപ്പെടാനും മാത്രമെ തങ്ങള്‍ക്ക് അധികാരമുള്ളവെന്നും അയോഗ്യരാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥരോട് ചൊവ്വാഴ്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ചിട്ടുള്ള പി എം മോദി എന്ന സിനിമ തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുന്നതാണോയെന്ന് സിനിമ കണ്ടതിനു ശേഷം കമ്മീഷന്‍ തീരുമാനിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. പി എം മോദി ഉള്‍പ്പടെ രാഷ്ട്രീയ നേതാക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ വിലക്കിയ കമ്മീഷന്‍ നടപടിക്കെതിരെ പി എം മോദിയുടെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.