പച്ചപ്പുല്ല് കിട്ടാനില്ല; ക്ഷീര കർഷകർ പ്രതിസന്ധിയിൽ

മലപ്പുറം
Posted on: April 15, 2019 10:56 am | Last updated: April 15, 2019 at 10:56 am

വേനൽ കനത്തതോടെ സംസ്ഥാനത്തെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. പുല്ലിന്റെയും പാലിന്റെയും കുറവിനൊപ്പം കാലിത്തീറ്റയുടെ വില വർധനയുമാണ് കർഷകരെ ദുരിതത്തിലാക്കിയത്. വേനലിൽ തീറ്റപ്പുല്ലിന് ഉണ്ടായിട്ടുള്ള ക്ഷാമമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയാണ്. പകരം വൈക്കോലോ കാലിത്തീറ്റയോ നൽകാമെന്ന് വെച്ചാൽ അവയുടെ വിലയും താങ്ങാവുന്നതല്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ കാലിത്തീറ്റ ചാക്കൊന്നിന് 150 ലധികം രൂപയാണ് കൂടിയത്. 1050 രൂപയായിരുന്നത് 1200 ആയി ഉയർന്നു.

കർണാടക സർക്കാർ പച്ചപ്പുല്ല് സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്. അവിടെ പുല്ല് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. താമിഴ്‌നാട്ടിൽ നിന്ന് വരുന്ന പച്ചപ്പുല്ലിന് കിലോക്ക് അഞ്ച് രൂപ വരെ കൊടുക്കേണ്ട അവസ്ഥയാണ്.

പാലിന് മിൽമ വേനൽക്കാല വില വർധനവ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ലഭ്യമല്ല, കാലിത്തീറ്റയും സബ്‌സിഡി നിരക്കിൽ ലഭ്യമാക്കാത്തതിനാൽ ക്ഷീര കർഷകർക്ക് തിരിച്ചടിയായതായി മലബാർ ഡയറി ഫാമേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ താജ് മൻസൂർ സിറാജിനോട് പറഞ്ഞു.

ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തിന് കോഴിക്കോട് മിൽമ ഹെഡ് ഓഫീസിന് മുന്നിൽ മാർച്ചും നിരാഹാര സമരവും സംഘടിപ്പിക്കും. പാലിന് 40 രൂപ തറവില നിശ്ചയിക്കുക, വേനൽക്കാല സംരക്ഷണത്തിന്റെ ഭാഗമായി സംഘങ്ങളിൽ അളക്കുന്ന ഓരോ ലിറ്റർ പാലിനും അഞ്ച് രൂപ ഇൻസെന്റീവ് അനുവദിക്കുക, കാലികൾക്കുള്ള ഇൻഷ്വറൻസ് പ്രീമിയം 75 ശതമാനം സർക്കാറും മിൽമയും വഹിക്കുക, ശുദ്ധജല ക്ഷാമമുള്ള സ്ഥലങ്ങളിൽ ആവശ്യമായ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുക, മൃഗാശുപത്രികൾ വഴി തൈലേറിയാസിസ്, കുരലടപ്പൻ, അകിടു വീക്കം എന്നിവക്കുള്ള മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.