Connect with us

Kerala

ജലാശയത്തിൽ വിഷാംശം കലരുന്നു; കർശന നടപടിയുമായി ജലവകുപ്പ്

Published

|

Last Updated

പാലക്കാട്: കുടിവെള്ള സ്രോതസുകൾക്ക് സമീപമുള്ള കൃഷിയിടങ്ങളിൽ കീടനാശിനിയുടേയും രാസവളത്തിന്റെയും പ്രയോഗം നിയന്ത്രിക്കുന്നതിന് ജലവിഭവവകുപ്പ് രംഗത്ത്. കൃഷിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും സമീപത്തെ ജലാശയത്തിൽ മാരകമായ വിഷാംശം കലർത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പച്ച ലേബലിലുള്ള കീടനാശിനികളേ ഉപയോഗിക്കാകൂയെന്ന നിർദേശമുണ്ടെങ്കിൽപ്പോലും ചുവപ്പ്, മഞ്ഞ, നീല നിറങ്ങളിലടയാളപ്പെടുത്തിയ നിരോധിത കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ നിരോധിത കീടനാശികളും തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്തി സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കീടനാശനികൾ ഉപയോഗിക്കുന്നത് കൃഷിയിടത്തിനടുത്തുള്ള ജലാശയങ്ങളിൽ കലരുകയും ജനങ്ങൾക്ക് മാരകമായ രോഗങ്ങൾ പിടിപ്പെടാനും സാധ്യതയേറിയിരിക്കുകയാണ്.

നിലവിൽ വെള്ളത്തിൽ കീടനാശിനി കലർന്നിട്ടുണ്ടോയെന്ന് പമ്പിംഗിനിടെ പരിശോധിക്കാനുള്ള സംവിധാനമില്ല. കീടനാശിനിയിലെ വിഷാംശം ഇല്ലാതാകാൻ നാളുകളെടുക്കും. വെള്ളത്തിൽ ദീർഘനാൾ ഇവയുടെ വീര്യം കുറയാതെ കിടക്കുമെന്നും കൃഷിവകുപ്പ് അധികൃതർ പറയുന്നു.
പല കൃഷികളിലും, ഉപയോഗിക്കുന്ന രാസവളത്തിന്റെ 50 ശതമാനം മാത്രമേ ചെടികൾ വലിച്ചെടുക്കുകയുള്ളൂ. ശേഷിക്കുന്നവ മണ്ണിൽ കിടക്കും. എൻ പി കെ (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) രാസവളത്തിൽ നൈട്രജൻ ജലത്തിൽ കലർന്നാൽ വിഷമയമാകും. 2003ലെ ജലസംരക്ഷണ നിയമം ഉപയോഗപ്പെടുത്തി ജലാശയങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ സഹായത്തോടെ ജലാശയങ്ങൾക്ക് സമീപത്തെ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗം നിയന്ത്രിക്കും.

കീടനാശിനി പ്രയോഗം നിരീക്ഷിക്കേണ്ടത് കൃഷി ഓഫീസർമാരാണ്.
ജലസ്രോതസുകൾ മലിനപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജലവിഭവവകുപ്പ് നടപടിയെടുക്കും.
ജലസ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കുള്ള ശിക്ഷ വർധിപ്പിച്ചുകൊണ്ടുള്ള കേരള ജലസേചന, ജലസംരക്ഷണ ബിൽ 2018 നിയമസഭ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് തടവു ശിക്ഷയുടെ കാലാവധി ചുരുങ്ങിയത് ഒരുവർഷവും പരമാവധി മൂന്ന് വർഷവുമായി വർധിപ്പിച്ചിട്ടുണ്ട്.

Latest