സുഹൃത്തിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് കൗമാരക്കാരന്‍ മരിച്ചു; നാലുപേര്‍ അറസ്റ്റില്‍

Posted on: April 15, 2019 10:50 am | Last updated: April 15, 2019 at 12:21 pm

ന്യൂഡല്‍ഹി: വീഡിയോ പകര്‍ത്തുന്നതിനിടെ സുഹൃത്തിന്റെ കൈയിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. സല്‍മാന്‍ എന്ന പത്തൊമ്പതുകാരനാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്‌ളൈ ഓവറിലുണ്ടായ സംഭവത്തില്‍ മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം ഇന്ത്യാ ഗേറ്റിനു സമീപത്തേക്ക് പോയതായിരുന്നു സല്‍മാന്‍. യാത്രക്കിടെ വാഹനമോടിച്ചിരുന്ന സല്‍മാനു നേരെ സുഹൃത്ത് സുഹൈല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് തമാശക്ക് സല്‍മാനു നേരെ ചൂണ്ടി. ഇത് വീഡിയോയില്‍ പകര്‍ത്താന് ശ്രമിക്കുന്നതിനിടെ തോക്കില്‍ നിന്ന് വെടിയുതിരുകയായിരുന്നു. സല്‍മാന്റെ മുഖത്തിന്റെ ഇടതു ഭാഗത്താണ് വെടിയുണ്ട പതിച്ചത്.

പരിഭ്രാന്തരായ സുഹൃത്തുക്കള്‍ സല്‍മാനെ സുഹൈലിന്റെ ബന്ധവീട്ടില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സുഹൈലിനെയും മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.