അതിജീവനത്തിന്റെ പുഞ്ചപ്പാടങ്ങള്‍

കഴിഞ്ഞ വർഷത്തെ തുടർ പ്രളയങ്ങളിൽ ആകെ മുങ്ങിപ്പോയ ഇടങ്ങളായിരുന്നു ആലപ്പുഴയും കുട്ടനാടുമൊക്ക. കാർഷിക മേഖലയിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് തോന്നിപ്പോയ ദുരന്തനിമിഷങ്ങൾ. എന്നാൽ, പുഞ്ചക്കൃഷിയിൽ റെക്കോർഡ് വിളവ് നേടി ആ കർഷകക്കരുത്ത് വിജയിച്ചിരിക്കുന്നു.  
Posted on: April 14, 2019 2:50 pm | Last updated: April 14, 2019 at 2:51 pm

“സന്തോഷം കൊണ്ടാണ് കരയുന്നത്. ഈ പുഞ്ച സീസണിൽ 36 ടൺ നെല്ലാണ് കിട്ടിയത്. എന്റെ ജീവിതത്തിലെ ആദ്യ ബംബർ കൊയ്ത്ത്.’ അഞ്ച് ഹെക്ടറിൽ നിന്ന് വിളവെടുത്തപ്പോൾ കൈനകരി പഞ്ചായത്തിലെ കർഷകൻ ബിജു ആലക്കാട് കണ്ണീരൊഴുക്കിയത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നാളുകളായി കൃഷി ചെയ്ത് വരുന്ന ബിജു ഉൾപ്പെടെയുള്ള കുട്ടനാട്ടെ കർഷകർ എല്ലാ വിളവെടുപ്പിനും കണ്ണീർ വാർത്തിരുന്നത് വിളവിലെ കുറവു കൊണ്ടോ കൃഷി നാശം കൊണ്ടോ ആയിരുന്നു. മഹാപ്രളയത്തിന് തൊട്ടുമുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷി മുഴുവൻ നശിച്ചപ്പോഴും 41കാരനായ ബിജു അടക്കമുള്ള കർഷകരുടെ കണ്ണും മനസ്സും കരഞ്ഞിരുന്നു. എന്നാൽ, കാലങ്ങളായുള്ള കണ്ണീർ വാർക്കലിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കുട്ടനാട്ടിലെ കർഷകർ കണ്ണീരണിഞ്ഞത് സന്തോഷാധിക്യത്താലാണ്. ഇത് വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ടല്ലേ?

തുടർ പ്രളയങ്ങളിൽ
മുങ്ങിയ കുട്ടനാട്
നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ പൂർണമായും മുങ്ങിയ പ്രദേശമായിരുന്നു ആലപ്പുഴ ജില്ലയിലെ കുട്ടനാട്. മുമ്പും സമാന വെള്ളപ്പൊക്കം കുട്ടനാട് നേരിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത തിരിച്ചുവരവാണ് കാർഷിക രംഗത്തടക്കം പഴയ ഈ ചുട്ടനാട്ടിലുണ്ടായിട്ടുള്ളത്. മലയാളികളെ അന്നമൂട്ടുന്ന കേരളത്തിന്റെ നെല്ലറ മഹാപ്രളയത്തിൽ തകർന്നതോടെ ഇനിയൊരു വീണ്ടെടുപ്പ് സാധ്യമാകുമെന്ന് ആരും കരുതിയതല്ല. അത്രമേൽ ആഴത്തിലായിരുന്നു കുട്ടനാടിന്റെയും കാർഷിക മേഖലയുടെയും തകർച്ച. അതുകൊണ്ട് തന്നെയാണ് ഇത്തവണത്തെ പുഞ്ച വിളവെടുപ്പിൽ നെഞ്ചിടിപ്പിന് പകരം, കർഷകർ കണ്ണീർ വാർത്തത്. ഒക്ടോബറിൽ ആരംഭിക്കുന്ന കാർഷിക സീസൺ മാർച്ച് അവസാനം വരെ നീണ്ടുനിൽക്കുന്നതാണ്. ജൂലൈയിൽ തിമിർത്തു പെയ്ത മഴയും കിഴക്കൻ വെള്ളത്തിന്റെ ക്രമാതീത വരവും കാരണം കുട്ടനാട്ടിൽ ആ സീസണിലെ ഒട്ടുമുക്കാൽ പാടശേഖരങ്ങളിലെയും നെൽകൃഷി വെള്ളം കയറിയും ബണ്ട് പൊട്ടിയും നശിച്ചു. ജൂലൈയിൽ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിത്തുടങ്ങിയപ്പോൾ വയലിൽ പകുതി വിളഞ്ഞ നെല്ല് മുങ്ങി. എന്നാലും തിരച്ചുവരാമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. ശേഷിക്കുന്ന പാടശേഖരങ്ങൾ ബണ്ട് ബലപ്പെടുത്തി സംരക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതിനിടെയാണ് മഴപ്പെയ്ത്ത് അതിശക്തമായതും മഹാപ്രളയത്തിൽ കുട്ടനാടിനെ ആകെ മുക്കിക്കളഞ്ഞതും. ആഗസ്റ്റ് പകുതിയോടെയുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷി, വീടുകൾ, വസ്തുക്കൾ എന്നിവ നഷ്ടമായവരാണ് കുട്ടനാട്ടിലെ മുഴുവൻ ജനങ്ങളും.

പ്രതീക്ഷയുടെ
പൊൻകതിരുകൾ

ദുരന്ത കാലത്ത് നഗരങ്ങളിലെയും മറ്റും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട കുട്ടനാട്ടുകാർ ആഴ്ചകൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ, കൃഷി ചെയ്യാൻ പറ്റുമെന്ന വിശ്വാസം അവർക്ക് നഷ്ടപ്പെട്ടു. എങ്കിലും സർക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കർഷകർ കൈമെയ് മറന്ന് നെൽകൃഷിയിൽ വ്യാപൃതരാകുകയായിരുന്നു. 30,000 ഹെക്ടറിലധികം പാടശേഖരങ്ങളിലായി നെൽകൃഷി ചെയ്യുന്ന കുട്ടനാട്ടിൽ 40,000 ഓളം കർഷകരാണുള്ളത്. പ്രളയ ശേഷം നടന്ന ആദ്യ വിളവെടുപ്പിൽ വൻ വർധനവാണ് ഒട്ടുമിക്ക കർഷകർക്കുമുണ്ടായത്. പുഞ്ച സീസണിൽ ഉത്പാദനം 75,000 ടണ്ണിൽ നിന്ന് രണ്ട് ലക്ഷം ടണ്ണായാണ് ഉയർന്നത്. ഇത് കുട്ടനാട്ടിലെ ബംബർ വിളവെടുപ്പെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ രണ്ട് സീസണിലായി ലഭിക്കുന്ന വിളവെടുപ്പിന്റെ കണക്കുകൾ പരിശോധിച്ചാൽ പോലും ഇത്രയും റെക്കോർഡ് വർധന ഇതാദ്യം. മഹാപ്രളയത്തെ തുടർന്ന് രണ്ടാം കൃഷി പൂർണമായും നഷ്ടപ്പെട്ട കരിനില കർഷകർക്കും ഇക്കുറി പുഞ്ചക്കൃഷിയിൽ ലഭിച്ചത് നൂറുമേനി വിളവാണ്. ഒൻപതിനായിരത്തിലധികം ഹെക്ടറിൽ പുറക്കാട്, അമ്പലപ്പുഴ, തകഴി, കരുവാറ്റാ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടൻ നെല്ലറയുടെ ഭാഗമായ കരിനിലങ്ങളിലാണ് കർഷകരുടെ വിജയഗാഥ.
പ്രളയത്തിൽ തൂത്തെറിയപ്പെട്ട നെൽ കർഷകർ, സ്വപ്‌നങ്ങളും പ്രതീക്ഷകളും വാടിക്കരഞ്ഞ്, തങ്ങളിനിയെന്തു ചെയ്യുമെന്ന് വിലപിച്ച പശ്ചാത്തലത്തിലാണ് കരിനില വികസന ഏജൻസിയുടെ മുൻകൈയിൽ പുഞ്ചക്കൃഷി ഇറക്കാൻ വിത്തും കക്കയും സർക്കാർ സൗജന്യമായി നൽകിയത്. കൂടാതെ ഹെക്ടറിന് 13,500 രൂപ എന്ന കണക്കിൽ കർഷകർക്ക് ബേങ്ക് അക്കൗണ്ട് മുഖേന സാമ്പത്തിക സഹായവും ലഭ്യമാക്കി വീണ്ടും കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. കരിനില മേഖലയുടെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഹെക്ടർ കൃഷിനിലത്തിൽ നിന്ന് 8750 കിലോക്ക് മുകളിൽ നെല്ല് ലഭിക്കുന്നത്. റെക്കോർഡ് വിളവിന് പിന്നിൽ കൃത്യമായ സമയക്രമം പാലിച്ചുള്ള കൃഷിയും പ്രളയത്തിലൂടെ സമൃദ്ധമായ മണ്ണുമാണെന്ന വിലയിരുത്തലിലാണ് കർഷകരും കൃഷി ശാസ്ത്രജ്ഞരും. പ്രളയത്തിന് ശേഷം ഒക്ടോബറിലാണ് കുട്ടനാട്ടിൽ ഇക്കുറി പുഞ്ചക്കൃഷി ഇറക്കിയത്. 60 ശതമാനത്തോളം സ്ഥലത്ത് കൊയ്തപ്പോൾ തന്നെ മില്ലുകൾക്ക് സർക്കാർ നിശ്ചയിച്ച ക്വാട്ട കവിയുന്ന സ്ഥിതിവിശേഷമായി.

പ്രളയമെന്ന
ശുദ്ധികലശം

പ്രളയം ഒരർഥത്തിൽ കുട്ടനാട്ടിൽ നടത്തിയത് വലിയൊരു ശുദ്ധീകരണ പ്രക്രിയയാണ്. വൻതോതിലുള്ള രാസവള, കീടനാശിനി പ്രയോഗങ്ങൾ കാരണം കുട്ടനാടൻ പാടശേഖരങ്ങളും ജലാശയങ്ങളും പൂർണമായും വിഷമയമായിരുന്നു. വിനോദസഞ്ചാര മേഖലയിലെ ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പുറന്തള്ളുന്ന മാലിന്യങ്ങളും മലിനീകരണത്തിന് ആക്കം കൂട്ടി. മഹാപ്രളയത്തിൽ കുട്ടനാട് ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിത്താഴ്ന്നതോടെ മുഴുവൻ മാലിന്യങ്ങളും ഒഴുകിപ്പോയി. പ്രളയത്തിന് ശേഷം പാടങ്ങളിൽ എക്കൽ അടിഞ്ഞതും വിളവ് വർധിക്കാൻ കാരണമായി. ഒരു ഏക്കറിൽ 10 ക്വിന്റലോളം വിളവ് അധികം ലഭിക്കാൻ സഹായകമായത് ഇതാണ്. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ സാധിച്ചതും നേട്ടമായി. സാധാരണയുണ്ടാകാറുള്ള കീടാക്രമണങ്ങൾ ഇക്കുറി ഒഴിഞ്ഞുനിന്നു. ഓരുവെള്ള ഭീഷണിയുമില്ലായിരുന്നു. തോട്ടപ്പള്ളി സ്പിൽവേയിലെ അടച്ചിട്ട ഷട്ടറിന്റെ വിടവിലൂടെ ഓരുവെള്ളം കയറിയത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ മണൽച്ചാക്ക് അടുക്കി കർഷകർ കരിനില വികസന ഏജൻസിയുടെ നേതൃത്വത്തിൽ ഉണർന്ന് പ്രവർത്തിച്ചു. അത് ചെയ്തില്ലായിരുന്നെങ്കിൽ കുട്ടനാട് അടക്കം പ്രതിസന്ധിയിൽ ആയേനെ. ഇരട്ട വെള്ളപ്പൊക്കത്തിൽ കാർഷിക മേഖലയിൽ അവശേഷിച്ച ഫലഭൂയിഷ്ഠമായ എക്കൽ ആണ് ബംബർ വിളവെടുപ്പിന് അവസരമായതെന്നാണ് കൃഷി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. പ്രളയശേഷം അടിഞ്ഞ എക്കൽ മണ്ണ് പ്രത്യുത്പാദനം വർധിപ്പിച്ചെന്ന് കുമരകത്തെ റീജ്യനൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിലെ അസോസിയേറ്റ് ഡയറക്ടർ (ഇൻ ചാർജ്) റീനാ മാത്യു ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വെള്ളപ്പൊക്കത്തിൽ തകർന്ന നെല്ല് തന്നെ ജൈവവളമായി മാറിയതും വിളവ് വർധനക്ക് കാരണമായി. വിളവെടുക്കാറാകുമ്പോൾ വേനൽമഴ സാധാരണമാണ്. ടൺ കണക്കിന് നെല്ല് ഇത്തരത്തിൽ മഴ നനഞ്ഞ് നഷ്ടപ്പെടുകയും ഈർപ്പത്തിന്റെ പേരിൽ മില്ലുടമകൾ സംഭരണം മുടക്കുകയുമൊക്കെ ചെയ്യുന്ന പതിവ് കാഴ്ചകൾ ഇക്കുറിയില്ലായിരുന്നു. ഒരു ഏക്കറിൽ നിന്ന് 25 ക്വിന്റൽ വരെ അധിക വിളവ് ലഭിച്ച കർഷകർക്ക് സംഭരണ വില അനുസരിച്ച് 63250 രൂപ ആദായം ലഭിച്ചതായാണ് കൃഷി വകുപ്പ് കണക്കാക്കുന്നത്.


കൈത്താങ്ങ് ആശ്വാസമായി

നെൽകൃഷി മേഖലയിൽ നഷ്ടമില്ലാത്ത ഒരു കാലയളവാണ് കഴിഞ്ഞു പോയത്. ഇതിന് പിന്നിൽ പ്രളയാനന്തര നവകേരള നിർമാണ പദ്ധതി പ്രകാരം സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ പിന്തുണ വലിയൊരളവോളം കർഷകർക്ക് ആശ്വാസമായി. വീടും സമ്പാദ്യവുമെല്ലാം പൂർണമായി നഷ്ടപ്പെട്ട് വെറുംകൈയോടെ പാടത്തേക്കിറങ്ങിയ കർഷകർക്ക് കൈത്താങ്ങായി കൃഷിവകുപ്പും മറ്റ് ഏജൻസികളും രംഗത്തെത്തിയതാണ് ഇത്തരത്തിലൊരു റെക്കോർഡ് വിളവ് കുട്ടനാട്ടിലെ കാർഷിക മേഖലയിലുണ്ടാക്കാൻ സഹായകമായത്. പമ്പിംഗ് സബ്സിഡി നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കിയിരുന്നു. കൃഷിയിറക്കുന്ന സ്ഥലത്തിന്റെ വിസ്തീർണം കണക്കാക്കിയും തൻ സീസണിലെ കൃഷിക്കും പാടശേഖരസമിതി/ കർഷകർ സ്വന്തമായി നടത്തുന്ന പമ്പിംഗ് ജോലികൾക്കും സബ്‌സിഡി നൽകുന്നതിന് കൃഷി വകുപ്പ് ഉത്തരവിറക്കിയിരുന്നു. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് അടിയന്തരമായി ഇൻഷ്വറൻസ് നഷ്ടപരിഹാരം നൽകുന്നതിനും നടപടി സ്വീകരിച്ചു. ഈയിനത്തിൽ 20.5 കോടി രൂപ വിതരണം ചെയ്തു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രധാൻമന്ത്രി ഫസൽ ഭീമ യോജന പ്രകാരം ഇൻഷ്വർ ചെയ്ത് കൃഷിയിറക്കിയവർക്കും വായ്പയെടുത്തിട്ടും വിളയിറക്കാൻ കഴിയാതിരുന്നവർക്കും നഷ്ടപരിഹാരമായി ഇൻഷ്വറൻസ് തുകയുടെ 25 ശതമാനം നൽകുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിളനാശത്തിന് സഹായധനം നൽകുന്നതിനുള്ള അപേക്ഷ 10 ദിവസത്തിനകം നൽകണമെന്ന നിബന്ധന ഒഴിവാക്കി. പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി കർഷകർക്ക് 192 കോടി രൂപ വിതരണം ചെയ്തു.

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്, മണ്ണ് പരിശോധനാ വിഭാഗം, കാർഷിക സർവകലാശാല തുടങ്ങിയ ഏജൻസികളുടെ നേതൃത്വത്തിൽ കരിനില മേഖലയിൽ കൃഷി കൂടുതൽ അഭിവൃദ്ധിപ്പെടുത്താനുള്ള പഠനങ്ങൾ നടത്തിവരികയാണ്. അടുത്തിടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന കാർഷിക സെമിനാറിൽ മൂവായിരത്തോളം നെൽ കർഷകരാണ് പങ്കെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നെല്ലിന്റെ സംഭരണ വില ഒരു രൂപ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. കുട്ടനാട്ടിൽ കാലങ്ങളായി കാർഷിക കലൻഡറിലുണ്ടായ മാറ്റവും അമിത കീടനാശിനി പ്രയോഗവും വിളവ് ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ടെന്ന് സെമിനാറിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. കാലാവസ്ഥക്ക് അനുസൃതമായ കൃഷി സമ്പ്രദായം വേണം നടപ്പാക്കാൻ, മഴക്കാലം കഴിയുന്നതോടെ കൃഷി ആരംഭിച്ച് വേനൽ കടുക്കുന്നതിന് മുന്പായി കൃഷി അവസാനിപ്പിക്കണം, അങ്ങനെ ചെയ്താൽ ഓരു വെള്ള ഭീഷണിയും ഇല്ലാതാകും, പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികളിലെ ജലനിരപ്പ് സാധാരണയായി മൺസൂൺ കാലത്ത് വെള്ളപ്പൊക്കത്തിൽ ഉയരുന്നത് പതിവാണ് തുടങ്ങിയ കാര്യങ്ങൾ കർഷകരെ സെമിനാറിൽ ഓർമപ്പെടുത്തി.

ബണ്ട് തകർന്നും കീടാക്രമണങ്ങൾ കൊണ്ടും ഓര് കയറിയും വൻ തോതിൽ കൃഷി നാശമുണ്ടായി കണ്ണീരിന്റെ ഉപ്പ് നിറഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ ഇക്കുറി വീണത് കർഷകരുടെ സന്തോഷാശ്രുക്കളാണെന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം. നെൽകൃഷി മേഖലയിലെ കുട്ടനാടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രളയാനന്തരം സാധ്യമായെങ്കിൽ, മഹാ പ്രളയത്തെയും അതിജീവിച്ച കുട്ടനാടൻ ജനതയുടെ മനക്കരുത്തും സാമൂഹിക പ്രതിബദ്ധതയും ഒന്നുവേറെ തന്നെയാണെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.

എം എം ശംസുദ്ദീ
[email protected]