Connect with us

Kannur

കണ്ണൂർ എക്‌സ്പ്രസ് 14 മുതൽ യശ്വന്ത്പൂരിൽ നിന്ന് സർവീസ് ആരംഭിക്കും

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരു മലയാളികൾ ഏതാനും മാസങ്ങളായി നടത്തിവന്ന പ്രക്ഷോഭ സമരങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. ബാനസവാടി- കണ്ണൂർ എക്‌സ്പ്രസ് 14 മുതൽ വീണ്ടും യശ്വന്ത്പൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തും. 16527 നമ്പർ ബാനസവാടി- കണ്ണൂർ എക്‌സ്പ്രസ് യശ്വന്ത്പൂരിലായിരിക്കും യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക.

ട്രെയിനിന്റെ അറ്റകുറ്റപ്പണിയും വെള്ളം നിറക്കുന്നതുമെല്ലാം യശ്വന്ത്പൂരിൽ നിന്നാവും. ട്രെയിൻ സർവീസിന്റെ സമയക്രമം 14ന് മുമ്പായി റെയിൽവേ ഔദ്യോഗികമായി പുറത്തിറക്കും. ഇത് സംബന്ധിച്ച ഉത്തരവ് റെയിൽവേ അധികൃതർ പുറത്തിറക്കി.

വിഷുവിന്റെ തലേദിവസം മുതൽ സർവീസ് ആരംഭിക്കുന്നത് മലയാളികൾക്ക് ഏറെ ഉപകാരമാവും. ബാനസവാടിയിൽ നിന്ന് യശ്വന്ത്പൂരിലേക്ക് ട്രെയിൻ മാറ്റുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി റെയിൽവേ അധികൃതർ തേടിയിരുന്നു. കണ്ണൂർ എക്‌സ്പ്രസ് യശ്വന്ത്പൂരിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി യശ്വന്ത്പൂർ- ശിവമൊഗ ജനശതാബ്ദി എക്‌സ്പ്രസ് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കും മാറ്റി. അതുപോലെ ഹിന്ദുപുര- സിറ്റി റെയിൽവേ സ്റ്റേഷൻ മെമു ട്രെയിൻ കെങ്കേരിയിലേക്കും മാറ്റി.

കണ്ണൂർ- യശ്വന്ത്പൂർ ട്രെയിനിന്റെ സ്റ്റേഷൻ യശ്വന്ത്പൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ കെ ടി എഫ് എന്ന സംഘടനയാണ് ശക്തമായ സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ബെംഗളൂരുവിലെ നാൽപ്പതോളം വരുന്ന മലയാളി സംഘടനകളും കെ കെ ടി എഫിന് പിന്നിൽ അണിനിരന്നിരുന്നു.

Latest