Connect with us

Palakkad

രണ്ട് നാൾ താപനില മൂന്ന് ഡിഗ്രി വരെ ഉയരും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.

പാലക്കാട്, ആലപ്പുഴ ജില്ലകളിൽ കുടുത്ത ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്. പാലക്കാട് 40.2 ഡിഗ്രിയും ആലപ്പുഴ 40. 3 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ 32 പേർക്ക് സൂര്യാതപമേറ്റു. 21 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളും രൂപപ്പെട്ടു. പാലക്കാട് ഒന്പത് പേർക്കും ആലപ്പുഴയിൽ എട്ട് പേർക്കും കോഴിക്കോട് നാല് പേർക്കും പത്തനംതിട്ടയിൽ മൂന്ന് പേർക്കും എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് നാല് പേർക്കും പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മൂന്ന് പേർക്ക് വീതവും ആലപ്പുഴ, കണ്ണൂർ, പാലക്കാട്,തിരുവനന്തപുരം രണ്ട് പേർക്ക് വീതവും തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഒരാൾക്ക് വീതവും ചൂടേറ്റ് ശരീരത്തിൽപാടുകൾ രൂപപ്പെട്ടു. ചൂട് ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം എന്നിവ കൊണ്ടുള്ള പൊള്ളൽ തുടങ്ങിയവ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അതോറിറ്റി അറിയിച്ചു.

അതേസമയം ചൂട് മൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങൾക്കും ആശ്വാസം കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സൂര്യാതപമേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. ചൂട് മൂലം വിവിധ അസ്വസ്ഥതയുണ്ടായവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക ജില്ലകളിലും താപനിലയിൽ ചെറിയ തോതിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. എങ്കിലും മുൻകരുതൽ ഒരാഴ്ച കൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന അതീവ സൂര്യാഘാത ജാഗ്രതാ മുന്നറിയിപ്പ് തുടരാനാണ് നിർദേശം. കേരളത്തിൽ പല പ്രദേശങ്ങളിലും സൂര്യാതപവും സൂര്യാഘാതവും മൂലം നിരവധി പേർക്ക് പൊള്ളലേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും നിർദേശമുണ്ട്.

Latest