ബിഷപ്പ് ഫ്രാങ്കോക്കെതിരായ കുറ്റപത്രം നാളെ കോടതിയില്‍; ജീവപര്യന്തംവരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി

Posted on: April 8, 2019 7:00 pm | Last updated: April 9, 2019 at 7:32 am

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. പാലാ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. കുറ്റപത്രത്തില്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം അടക്കം അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

അന്യായമായി തടഞ്ഞുവെച്ചു, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, മേലധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു തുടങ്ങി വകുപ്പുകള്‍ ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുണ്ട്. ഇതില്‍ 11 വൈദികരും,. മൂന്ന് ബിഷപ്പ്മാരും , 25 കന്യാസ്ത്രീകളും ഉള്‍പ്പെടും. രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും സാക്ഷി പട്ടികയിലുണ്ട്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഡിജിപി അനുമതി നല്‍കുന്നത്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതാണ് നടപടിക്രമങ്ങള്‍ താമസിക്കാന്‍ കാരണം.