Connect with us

National

12 വര്‍ഷത്തിന് ശേഷം നന്ദിഗ്രാമില്‍ സി പി എം ഓഫീസ് തുറന്നു

Published

|

Last Updated

കൊല്‍ക്കത്ത: കര്‍ഷക രോഷത്തില്‍ സംഘടനാ സംവിധാനം വരെ ഇല്ലാതായ പശ്ചിമ ബംഗാളിലെ
നന്ദിഗ്രാമില്‍ സി പി എം തിരിച്ചുവരുന്നു. ഇതിന്റെ ആദ്യപടിയായി നന്ദിഗ്രാമില്‍ 12 വര്‍ഷത്തിന് ശേഷം സി പി എം പാര്‍ട്ടി ഓഫീസ് പുനരാരംഭിച്ചു.

2007ല്‍ പ്രദേശത്ത് ഉയര്‍ന്ന കര്‍ഷക രോഷത്തെ തുടര്‍ന്ന് ഓഫീസിന് നേരെ ആക്രമണം നടത്തുകയും തീവെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഒരു ഓഫീസ് തുറക്കാന്‍ പോലും പറ്റാതിരുന്ന സി പി എമ്മിലേക്ക് പതിയെ പ്രവര്‍ത്തകര്‍ മടങ്ങിയെത്തുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതിനാലാണ് നന്ദിഗ്രാമില്‍ പാര്‍ട്ടി ഓഫീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്ന് സി പി എം നേതാവ് റബിന്‍ ദേബ് പറഞ്ഞു. പാര്‍ട്ടി ഓഫീസ് പുനരാരംഭിച്ച ശേഷം സി പി എം നന്ദിഗ്രാമില്‍ പ്രകടനവും നടത്തി.

ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന് വേണ്ടി കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത് സെസ് അനുവദിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചതാണ് നന്ദിഗ്രാമില്‍ 2007ല്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായത്. പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തി വെടിവെപ്പില്‍ 14 കര്‍ഷകരാണ് മരിച്ചത്. നന്ദിഗ്രാമിലെ ഈ പ്രക്ഷോഭം ബംഗാള്‍ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ അടിവേര് തോണ്ടുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും ബംഗാള്‍ രാഷ്ട്രീയത്തിലെ മുഖ്യപാര്‍ട്ടികളായി മാറിയ അവസ്ഥയിലാണ് സി പി എം പതുക്കെ തിരിച്ചുവരവ് ശ്രമം നടത്തുന്നത്.

Latest