Connect with us

Editorial

വിധിയെഴുതുന്നത് കള്ളപ്പണം

Published

|

Last Updated

കള്ളപ്പണത്തിന്റെ ഒഴുക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഘട്ടമാണ് തിരഞ്ഞെടുപ്പ് കാലം. ഫ്‌ളയിംഗ് സ്‌ക്വാഡ്, സാമ്പത്തിക പരിശോധനാ വിഭാഗം തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയില്‍ വന്‍തോതിലാണ് ഓരോ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും അനധികൃത പണം കണ്ടെത്താറുള്ളത്. തിരഞ്ഞെടുപ്പില്‍ വാരിയെറിയാനായി കരുതി വെച്ച ശതകോടികള്‍ ഇത്തവണയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തു കൊണ്ടിരിക്കയാണ്. വെല്ലൂരിലെ ഡി എം കെ നേതാവിന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍ നിന്നുള്‍പ്പടെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലായി ഒരാഴ്ച മുമ്പ് കണ്ടെടുത്തത് 80 കോടിയിലേറെ രൂപയാണ്. ചില പണക്കെട്ടുകള്‍ക്ക് പുറത്ത് വാര്‍ഡ് നമ്പറുകള്‍ വരെ രേഖപ്പെടുത്തിയതിനാല്‍ ഇത് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചതാണെന്നു വ്യക്തം.

ഉത്തര്‍പ്രദേശില്‍ മദ്യമുള്‍പ്പടെ രേഖകളില്ലാത്ത 120 കോടി രൂപയുടെ വസ്തുക്കളും പഞ്ചാബില്‍ നിന്ന് 104 കോടി രൂപയും തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ബി ജെ പി നേതാവും അരുണാചല്‍ മുഖ്യമന്ത്രിയുമായ പ്രമേഖണ്ഡു, ഉപമുഖ്യമന്ത്രി ചോണമേന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ഒരു കോടി എട്ട് ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചലിലെ പസീഗഡില്‍ തിരഞ്ഞെടുപ്പ് റാലിക്കായി എത്താനിരിക്കെയാണ് ഇത് കണ്ടെടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തപീര്‍ ഗാവുവില്‍ നിന്ന് മുമ്പും പണം പിടിച്ചെടുത്തിട്ടുണ്ട്. മണിപ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് ഗുഹാവത്തി വിമാനത്താവളത്തില്‍ വെച്ച് ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തില്‍ നിന്ന് വന്‍തുക കണ്ടെടുത്തിരുന്നു. അന്വേഷണ ഏജന്‍സികള്‍ പരിശോധനകള്‍ തുടര്‍ന്നു കൊണ്ടിരിക്കെ വരും ദിവസങ്ങളില്‍ കൂടുതല്‍ കള്ളപ്പണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പായിരിക്കും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നാണ് രാജ്യത്തിനകത്തെയും പുറത്തെയും നിരീക്ഷകരുടെയും സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍. 2016ല്‍ അമേരിക്കയില്‍ സംയുക്തമായി നടന്ന പ്രസിഡന്റ്, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ചെലവായത് 650 കോടി ഡോളറാണ്. അതിനെ കവച്ചു വെക്കും പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പെന്നാണ് സൗത്ത് കാര്‍നേജ് എന്‍ഡൗമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ഏഷ്യന്‍ പ്രോഗ്രാം ഡയറക്ടര്‍ മിലന്‍ വൈഷ്ണവിന്റെ നിഗമനം. ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ സാമ്പത്തിക കാര്യങ്ങളില്‍ ഏറെ കാലത്തെ അനുഭവ പാരമ്പര്യമുള്ള നിരീക്ഷകനാണ് അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരത്തില്‍ ഇന്ത്യയില്‍ യാതൊരു സുതാര്യതയുമില്ലെന്നും മിലന്‍ വൈഷ്ണവ് അഭിപ്രായപ്പെട്ടു. പൊതുഖജനാവില്‍ നിന്ന് ചെലവിടുന്ന ഔദ്യോഗിക സ്വഭാവമുള്ള തുകയേക്കാളേറെ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചാരണത്തിനായി രേഖകളില്ലാത്ത പണമാണ് കൂടുതല്‍ ചെലവഴിക്കുന്നത്. ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാകുന്ന പരമാവധി തുക നിയമ പ്രകാരം 70,000 രൂപയാണ്. അതേസമയം, കോടികളാണ് ഓരോ സ്ഥാനാര്‍ഥിയും ചെലവിടുന്നത്. കേരളത്തിലെ ഒരു സ്ഥാനാര്‍ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി പ്രചാരണ രംഗത്ത് ചെലവിട്ടത് 20 കോടി രൂപയാണെന്ന് ഒളിക്യാമറ ഓപറേഷനില്‍ വെളിപ്പെട്ടതാണ്. ചില പ്രമുഖ സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവ് ശതകോടികള്‍ വരും. 2014ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ ഉള്‍പ്പടെയുള്ളവക്ക് ചെലവായ തുക 7,000 മുതല്‍ 8,000 കോടി രൂപ വരെയാണെന്നാണ് ഔദ്യോഗിക കണക്കെങ്കിലും സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ പഠനം കാണിക്കുന്നത് 35,000 കോടി രൂപ ചെലവ് വന്നിട്ടുണ്ടെന്നാണ്. ഇതനുസരിച്ച് 27,000 കോടിയും കണക്കില്‍ പെടാത്ത അനധികൃത പണമാണ്. ഈ പണത്തിന്റെ സ്രോതസ്സേതാണ്? ഒരു പാര്‍ട്ടിയും വെളിപ്പെടുത്താറില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചാല്‍ ഒരു പാര്‍ട്ടി നേതൃത്വവും വ്യക്തമായ മറുപടി നല്‍കാറുമില്ല.

ഒരു സമാന്തര വ്യവസ്ഥ കണക്കെ രാജ്യത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കയാണ് കള്ളപ്പണവും അനധികൃത സമ്പാദ്യങ്ങളും. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഭീഷണി ഉയര്‍ത്തുന്ന കള്ളപ്പണം അശേഷം ഇല്ലാതാക്കുമെന്നായിരുന്നു 2014ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിയുടെ മുഖ്യവാഗ്ദാനം. അധികാരത്തിലേറിയതോടെ പാര്‍ട്ടി ഇക്കാര്യം മനഃപൂര്‍വം വിസ്മരിക്കുകയും പാര്‍ട്ടി ഫണ്ടിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ സഹായകമായ വിധത്തില്‍
“ഇലക്ടറല്‍ ബോണ്ടി”ലൂടെ നിയമങ്ങള്‍ ലഘൂകരിക്കുകയുമാണുണ്ടായത്. പ്രഭവസ്ഥാനം വെളിപ്പെടുത്താതെ രാഷ്ട്രീയ കക്ഷികള്‍ക്ക് പണം നല്‍കാന്‍ 2017ല്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് ഇലക്ടറല്‍ ബോണ്ട്. ഇതനുസരിച്ച് എത്ര പണം ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി എന്ന് ഒരു സ്ഥാപനത്തിനും ട്രസ്റ്റുകള്‍ക്കും വെളിപ്പെടുത്തേണ്ടതില്ല. ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ എതിര്‍പ്പ് വരാന്‍ സാധ്യതയുള്ളതിനാല്‍ മണി ബില്ലായാണ് ഭേദഗതി അവതരിപ്പിച്ചത്. ഇത്തരം ബില്ലുകള്‍ക്ക് സര്‍ക്കാറിന് ഭൂരിപക്ഷമുള്ള ലോക്‌സഭയുടെ അംഗീകാരം മാത്രം മതി. രാജ്യസഭയുടെ അംഗീകാരം വേണ്ട. ഫണ്ട് സ്വരൂപണത്തിന് ഇത് എല്ലാ പാര്‍ട്ടികള്‍ക്കും സഹായമായതിനാലായിരിക്കണം സഭയില്‍ ഈ നിയമഭേദഗതിക്കെതിരെ കാര്യമായ പ്രതിഷേധം ഉയര്‍ന്നില്ല. ഇതോടെ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് വര്‍ധിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുക്കുന്നത് ഇതില്‍ ചെറിയൊരു അംശം മാത്രമാണ്. അതിന്റെ അനേക മടങ്ങ് വിവിധ പാര്‍ട്ടികളുടെ അക്കൗണ്ടിലെത്തുന്നുണ്ട്.

---- facebook comment plugin here -----

Latest