ചൂട് തുടരുന്നു; ഒപ്പം ആശ്വാസ മഴയും

Posted on: April 6, 2019 2:27 pm | Last updated: April 6, 2019 at 2:28 pm


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമ്പോഴും പലയിടത്തും ആശ്വാസമായി വേനൽ മഴ ലഭിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ പെയ്ത വേനൽമഴ കൊടുംചൂടിന് നേരിയ ശമനമുണ്ടാക്കി. കഠിനമായ ചൂടിന് നേരിയ ശമനം വന്നെങ്കിലും ചൂടേറ്റുള്ള പ്രശ്‌നങ്ങൾക്ക് കാര്യമായ കുറവില്ല. ഇന്നലെ 28 പേർക്ക് പൊള്ളലേറ്റു. കോട്ടയം, കോഴിക്കോട് ജില്ലകളിലായി രണ്ട് പേർക്ക് സൂര്യാഘാതവും 26 പേർക്ക് സൂര്യാതപവും 27 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളും (ഹീറ്റ് റാഷ്)രൂപപ്പെട്ടു.
കോഴിക്കോട് എട്ട് പേർക്കും കൊല്ലത്ത് അഞ്ച് പേർക്കും പത്തനംതിട്ട നാല് പേർക്കും പാലക്കാട്, കോട്ടയം ജില്ലകളിൽ രണ്ട് പേർക്ക് വീതവും തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് സൂര്യാതപമേറ്റത്. പത്തനംതിട്ട ഏഴ് പേർക്കും കോഴിക്കോട് നാല് പേർക്കും ആലപ്പുഴ, പാലക്കാട് മൂന്ന് പേർക്ക് വീതവും എറണാകുളം, കൊല്ലം, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും മലപ്പുറം, ഇടുക്കി ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് ഹീറ്റ് റാഷ് അനുഭവപ്പെട്ടത്.