പറവൂരുകാർക്ക് പറയാനുണ്ട്, വോട്ടിംഗ് യന്ത്രത്തിലൂടെ ചരിത്രം രചിച്ച കഥ

കൊച്ചി
Posted on: April 5, 2019 12:48 pm | Last updated: April 5, 2019 at 12:48 pm

ബാലറ്റ് പെട്ടി മാറ്റി വോട്ടിംഗ് യന്ത്രം സ്ഥാപിച്ചതിന് പിന്നിലെ ചരിത്രത്തിൽ എറണാകുളം ജില്ലയിലെ പറവൂരുകാർക്ക് കൂടി ഇടമുണ്ട്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു പറവൂർ മണ്ഡലത്തിൽ രാജ്യത്ത് ആദ്യമായി വോട്ടിംഗ് യന്ത്രം പരീക്ഷണാർഥം എത്തിയത്. മണ്ഡലത്തിലെ 84 ബൂത്തുകളിലെ അമ്പതോളം ഇടങ്ങളിൽ ബാലറ്റ് പെട്ടിക്ക് പകരം വോട്ടിംഗ് യന്ത്രം ഉപയോഗിക്കാൻ തീരുമാനിച്ചതോടെ പറവൂരുകാർ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.
മുഴുവൻ ബൂത്തുകളിലും വോട്ടിംഗ് യന്ത്രം ഉപയോഗിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ആവശ്യത്തിന് യന്ത്രം എത്താതിരുന്നതിനാൽ മറ്റ് ബൂത്തുകളിൽ ബാലറ്റ് പെട്ടികൾ തന്നെ ഉപയോഗിക്കേണ്ടിവന്നു. വോട്ട് ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെ ലഭിച്ചുവെന്ന് സമ്മതിദായകർക്ക് ഉറപ്പ് വരുത്താനുള്ള സംവിധാനമായ വോട്ടർ വെരിഫൈഡ് ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) ഒന്നും അന്ന് വോട്ടിംഗ് യന്ത്രങ്ങളിൽ ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ യന്ത്രത്തിനെതിരെ രാഷ്ട്രീയ കക്ഷികൾ എതിർപ്പുമായി രംഗത്തെത്തി. പരമ്പരാഗതമായി ബാലറ്റ് പെട്ടിയിൽ ചെയ്യുന്ന വോട്ട് യന്ത്രം വഴി ചെയ്യുമ്പോൾ കൃത്രിമം നടക്കുമോയെന്ന ആശങ്കയായിരുന്നു അവർക്ക്. എന്നാൽ സകല എതിർപ്പുകളെയും വകഞ്ഞുമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ സംവിധാനത്തിൽ ഉറച്ചുനിന്നു. ബാലറ്റ് പേപ്പറിൽ സീൽകുത്തി സമ്മതിദാനവകാശം വിനിയോഗിക്കുന്നവരുടെ ഇടയിൽ ബട്ടണിൽ ഞെക്കി വോട്ട് ചെയ്ത് അങ്ങനെ പറവൂരുകാർ ചരിത്രത്തിൽ ഇടം പിടിച്ചു.

സി പി ഐ സ്ഥാനാർഥി എൻ ശിവൻ പിള്ളയും കോൺഗ്രസ് സ്ഥാനാർഥി എ സി ജോസും തമ്മിലായിരുന്നു അന്ന് പ്രധാന മത്സരം. പോളിംഗും വോട്ടെണ്ണലുമെല്ലാം രാജ്യം ഉറ്റുനോക്കി. ഫലം വന്നപ്പോൾ സി പി ഐ സ്ഥാനാർഥി എൻ ശിവൻ പിള്ള വിജയിച്ചു. 123 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശിവൻപിള്ള നിയമസഭയിലെത്തി. ഇതോടെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് എതിർ സ്ഥാനാർഥി എ സി ജോസ് കോടതി കയറി. ബൂത്തുകളിൽ തനിക്ക് ലഭിച്ച വോട്ട് ശരാശരിയിൽ ബാലറ്റ് പേപ്പറും യന്ത്രവും ഉപയോഗിച്ചിടങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നായിരുന്നു ആരോപണം. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. സുപ്രീം കോടതി ജോസിന്റെ വാദം അംഗീകരിച്ചതോടെ തിരഞ്ഞെടുപ്പ് അസാധുവായി. കോടതി വ്യവഹാരങ്ങൾ പൂർത്തിയാകാൻ രണ്ട് വർഷം എടുത്തു. 1984ൽ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച 50 ബൂത്തുകളിൽ മാത്രമായി വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.

മുഖ്യ സ്ഥാനാർഥികൾ എ സി ജോസും ശിവൻ പിള്ളയും തന്നെ. ആ തിരഞ്ഞെടുപ്പും രാജ്യം ഉറ്റുനോക്കി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ശിവൻപിള്ള തോറ്റു. എ സി ജോസിന് 1446 വോട്ടിന്റെ ഭൂരിപക്ഷം. ഇതോടെ വോട്ടിംഗ് യന്ത്രം ഒരുപാട് പഴി കേൾക്കേണ്ടി വന്നു. പിന്നീട് വോട്ടിംഗ് മെഷീനിലും നിയമത്തിലും മാറ്റം വന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പരിമിതമായ ബൂത്തുകളിൽ പരീക്ഷണങ്ങൾ തുടർന്നു.

1999ൽ ഗോവയിലാണ് മുഴുവൻ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ രാജ്യത്ത് പൂർണമായും വോട്ടിംഗ് യന്ത്രം വഴി ജനപ്രതിനിധികളെ കണ്ടെത്തുന്ന സംവിധാനം നിലവിൽ വന്നതോടെ ബാലറ്റ് പെട്ടി ചരിത്രത്തിന് വഴിമാറി.