നികുതി റിട്ടേണിൽ വൻ ഇടിവ്

ന്യൂഡൽഹി
Posted on: April 4, 2019 11:29 pm | Last updated: April 5, 2019 at 2:50 pm

നോട്ട് നിരോധനം നടന്ന സാമ്പത്തിക വർഷത്തിൽ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് വൻതോതിൽ കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച 2016-17 സാമ്പത്തിക വർഷത്തിൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് 88 ലക്ഷം പേർ നിർത്തിവെച്ചതായാണ് റിപ്പോർട്ട്. നോട്ട് നിരോധനത്തെ തുടർന്ന് 2016-17 സാമ്പത്തിക വർഷം 1.06 കോടി പുതിയ നികുതിദായകർ എത്തിയെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ അവകാശവാദം. ഇത് മുൻ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, നാല് വർഷത്തെ ഫയലുകൾ പരിശോധിക്കുമ്പോൾ, നേരത്തേ ആദായനികുതി അടച്ചവരിൽ പലരും നോട്ട് നിരോധനമേർപ്പെടുത്തിയ വർഷം നികുതി അടച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ പത്തിരട്ടിയാണ് കുറവുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2015-16 വർഷത്തിൽ 8.56 ലക്ഷം പേരാണ് റിട്ടേൺ അപേക്ഷ ഫയൽ ചെയ്യാതിരുന്നത്. 2016-17 വർഷത്തിൽ ഇത് 88.04 ലക്ഷമായി ഉയർന്നു.

2012-13ൽ 37.54 ലക്ഷം, 2013-14ൽ 27.8 ലക്ഷം, 2014-15ൽ 16.32 ലക്ഷം എന്നിങ്ങനെയാണ് പലകാരണങ്ങളാൽ നികുതി അടക്കാത്തവർ. ഇതിൽ നിന്നാണ് ഒറ്റയടിക്ക് നോട്ട് നിരോധനത്തോടെ 88.04 ലക്ഷത്തിൽ എത്തിയത്. സാമ്പത്തിക വ്യവസ്ഥയിലുണ്ടായ മരവിപ്പ് കാരണം തൊഴിൽ നഷ്ടപ്പെട്ടതാകാം ഇതിനു കാരണമെന്നാണ് വിലയിരുത്തുന്നത്. നോട്ട് നിരോധനത്തോടെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതും വരുമാനം ഇല്ലാതായതുമാണ് നികുതി അടക്കാത്തതിന് കാരണമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ആകെയുള്ള കറൻസിയുടെ 86 ശതമാനം വരുന്ന ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നിരോധിച്ചതോടെ സാമ്പത്തികനില ആകെ തകർന്നുവെന്നും ഇവർ പറയുന്നു.

സാധാരണഗതിയിൽ നികുതി റിട്ടേണുകളിൽ കുറവുവരുന്നത് ആദായനികുതി വകുപ്പിന്റെ നയം നടപ്പാക്കലിലുള്ള പരാജയമായാണ് കണക്കാക്കപ്പെടാറ്. എന്നാൽ, ഇങ്ങനെ വലിയതോതിലുള്ള ഇടിവിന് കാരണം ഉദ്യോഗസ്ഥരുടെ പ്രശ്‌നമല്ല, വൻതോതിൽ തൊഴിൽനഷ്ടമുണ്ടാകുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ ഞെട്ടിച്ച് 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം നടപ്പാക്കിയത്. ഒരു മുൻകരുതലുമില്ലാതെയായിരുന്നു പ്രധാനമന്ത്രി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ റദ്ദാക്കിയത്. ഇന്ത്യയുടെ കഴിഞ്ഞ രണ്ട് വർഷത്തെ സാമ്പത്തിക വളർച്ചയെ പിന്നോട്ടുവലിക്കുന്നതിന് നോട്ട് നിരോധനവും ജി എസ് ടിയും കാരണമായെന്ന് റിസർവ് ബേങ്ക് മുൻ ഗവർണർ രഘുറാം രാജൻ അഭിപ്രായപ്പെട്ടിരുന്നു.

നോട്ട് നിരോധനവും ജി എസ് ടിയും നടപ്പാക്കുന്നതിന് മുമ്പ് 2012 മുതൽ 2016 വരെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മികച്ച രീതിയിലായിരുന്നുവെന്നും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലെ ഏഴ് ശതമാനം വളർച്ചാ നിരക്ക് അപര്യാപ്തമാണെന്നും അമേരിക്കയിലെ കാലിഫോർണിയ സർവകലാശാല പ്രതിനിധികളെ അഭിസംബോധന ചെയ്യവേഅദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.