Connect with us

National

ബിഎസ്എന്‍എല്‍ 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 54,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിരിച്ചുവിടല്‍ നടപടികള്‍ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ്എന്‍എല്ലിന്റെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമതി പത്ത് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഇതിന് കഴിഞ്ഞ മാര്‍ച്ചില്‍ ബിഎസ്എന്‍എല്‍ അംഗീകാരം നല്‍കി.

ഈ നിര്‍ദേശങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ജീവനക്കാരെ പിരിച്ചുവിടല്‍. എന്നാല്‍ ഇത് തല്‍ക്കാലം തിരഞ്ഞെടുപ്പ് കഴിയുംവരെ മരവിപ്പിക്കാന്‍ ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെന്‍ഷന്‍ പ്രായം കുറക്കുകയെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിര്‍ദേശം. നിലവില്‍ പെന്‍ഷന്‍ പ്രായം 60 ആണ്. ഇത് 58 ആക്കി കുറക്കാനാണ് നിര്‍ദേശം. ഒപ്പം അമ്പത് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വിഎര്‍എസിന് അര്‍ഹത നല്‍കും. ഇതിലൂടെ 54,451 ജീവനക്കാര്‍ പുറത്ത് പോകും എന്നാണ് കണക്ക് കൂട്ടല്‍. ഇത് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ 31 ശതമാനം വരും. വിരമിക്കല്‍ പ്രായം കുറക്കുന്നത് 33,568 തൊഴിലാളികളെ ബാധിക്കും. ഇതിലൂടെ ആറ് കൊല്ലത്തിനുള്ളില്‍ 13,895 കോടി രൂപയുടെ ലാഭം ബിഎസ്എല്‍എല്ലിന് ലഭിക്കും. നിലവില്‍ ശരാശരി ജീവനക്കാരുടെ പ്രായം 55 ആണ്.

Latest