Connect with us

International

അരുണാചല്‍ ഇന്ത്യയുടെ ഭാഗമായുള്ള മൂന്നു ലക്ഷത്തിലേറെ ഭൂപടങ്ങള്‍ ചൈന നശിപ്പിക്കും

Published

|

Last Updated

ഗുവാഹത്തി: അരുണാചല്‍ പ്രദേശും തായ്‌വാനും തങ്ങളുടെ ഭാഗമായി രേഖപ്പെടുത്താത്ത മൂന്നു ലക്ഷത്തിലധികം ഭൂപടങ്ങള്‍ നശിപ്പിക്കാന്‍ ചൈന ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇത്തരം ഭൂപടങ്ങള്‍ നെതര്‍ലന്‍ഡ്‌സിലേക്ക് കയറ്റിയയച്ചുവെന്ന് സംശയിക്കുന്ന നാലു പേര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും ചൈനീസ് അധികൃതര്‍ തീരുമാനിച്ചു. ജനുവരി 17നാണ് നെതര്‍ലന്‍ഡ്‌സിലേക്ക് കടത്താന്‍ ശ്രമിച്ച “കൃത്യമല്ലാത്ത” ഭൂപടങ്ങള്‍ ചൈനയിലെ ഗുവാങ്‌ദോങ് പ്രവിശ്യയില്‍ വച്ച് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തതെന്നാണ് വിവരം.

ചൈനയുടെ അതിര്‍ത്തി സംബന്ധമായ വിവരങ്ങളെ വികലമാക്കുന്ന ഈ ഭൂപടങ്ങള്‍ നശിപ്പിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ഗുവാങ്‌ദോങ് പ്രവിശ്യയിലുള്ള ഡോങ്ഗുവാനിലെ ഒരു കമ്പനിയില്‍ 3,06,057 ഭൂപടങ്ങള്‍ അച്ചടിച്ചതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അരുണാചല്‍ ഇന്ത്യയുടെ ഭാഗമായും തായ്‌വാന്‍ പ്രത്യേക രാഷ്ട്രമായും രേഖപ്പെടുത്തിയ 30,000 ഭൂപടങ്ങള്‍ കഴിഞ്ഞ മാസം ചൈന നശിപ്പിച്ചിരുന്നു.

ചൈനയുടെ ഭാഗമായ കിഴക്കന്‍ തിബറ്റില്‍ ഉള്‍പ്പെട്ടതാണ് അരുണാചല്‍ പ്രദേശെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിനെ ചൈന പതിവായി എതിര്‍ത്തുവന്നിട്ടുണ്ട്. 3,488 കിലോമീറ്റര്‍ വരുന്ന നിയന്ത്രണ രേഖയുമായി (എല്‍ എ സി) ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിന് ഇതേവരെ ഇരു രാഷ്ട്രങ്ങളും 21 വട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. സ്വയംഭരണ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും ചൈന വാദിക്കുന്നു.