Connect with us

Gulf

സഹിഷ്ണുതാ സന്ദേശം പ്രചരിപ്പിക്കാന്‍ ന്യൂസിലന്‍ഡില്‍ ബൈക്ക് യാത്ര

Published

|

Last Updated

അബൂദബി: സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ മലയാളികളുടെ നേതൃത്വത്തില്‍ ന്യൂസിലാന്‍ഡില്‍ ബൈക്ക് യാത്ര. ക്രൈസ്റ്റ് ചര്‍ച് മസ്ജിദുകളിലെ അക്രമത്തില്‍ 50 പേര്‍ കൊല്ലപ്പെട്ട ന്യൂസിലാന്‍ഡിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും യു എ ഇയുടെ സഹിഷ്ണുതാ സന്ദേശം പ്രചരിപ്പിക്കാനുമാണ് ബൈക്ക് യാത്ര ഒരുക്കിയിട്ടുള്ളത്.

കലുഷമായ കാലത്ത് യു എ ഇ യുടെ ബഹുസ്വരത പ്രചരിപ്പിക്കുന്നതിനാണ് മുസ്‌ലിം, ക്രൈസ്തവ, ഹൈന്ദവ വിശ്വാസികള്‍ ഒരുമിച്ച് ന്യൂസിലാന്‍ഡില്‍ ബൈക്ക് യാത്ര സംഘടിപ്പിക്കുന്നത്. അബൂദബിയില്‍ നിന്നുള്ള ഏഴംഗ സംഘമാണ് ബൈക്ക് യാത്ര ഒരുക്കിയിട്ടുള്ളതെന്ന് ടീമിനെ നയിക്കുന്ന ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ താഴത്തെ വീട്ടില്‍ രാജ്കുമാര്‍ വ്യക്തമാക്കി. സംഘത്തില്‍ ആറു പേര് മലയാളികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്.
കര്‍ണാടക സ്വദേശി ന്യൂസിലാന്‍ഡില്‍ നിന്നും ടീമിനൊപ്പം ചേരും.

ഈ മാസം 12ന് വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദ് സന്ദര്‍ശിച്ചു ഞങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കും, മുന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഓഫീസര്‍ കൂടിയായ രാജ്കുമാര്‍ വ്യക്തമാക്കി. ന്യൂസിലാന്‍ഡില്‍ സംഭവിച്ച നരഹത്യ ഞെട്ടിക്കുന്നതാണ്. സമാധാനം, സഹിഷ്ണുത എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതായിരിക്കണം മുഴുവന്‍ മനുഷ്യവര്‍ഗത്തിന്റെയും ആവശ്യം- അദ്ദേഹം പറഞ്ഞു.

യു എ ഇയുടെയും ഇന്ത്യയുടെയും ദേശീയ പതാകകള്‍ക്കൊപ്പം യു എ ഇയുടെ സഹിഷ്ണുതാ വര്‍ഷത്തിന്റെ ലോഗോ ആലേഖനം ചെയ്ത ടി ഷര്‍ട്ടുകള്‍ ധരിച്ചും തങ്ങള്‍ യൂ എ ഇയുടെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പ്രചരിപ്പിക്കും, അദ്ദേഹം അറിയിച്ചു.

Latest