Connect with us

Ongoing News

എറണാകുളത്ത് പ്രചാരണം ഒപ്പത്തിനൊപ്പം

Published

|

Last Updated

പി രാജീവ്, ഹൈബി ഈഡൻ, അൽഫോൻസ്

തിരഞ്ഞെടുപ്പിന് 23 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എറണാകുളം മണ്ഡലത്തിൽ തീ പാറുന്ന പോരാട്ടം. യു ഡി എഫും എൽ ഡി എഫും സമർഥരായ യുവരക്തങ്ങളെ കളത്തിലിറക്കി സമ്മതിദായകർക്കിടയിൽ സജീവമായതോടെ പ്രചാരണം പാരമ്യത്തിലെത്തി. എൽ ഡി എഫ് സ്ഥാനാർഥി പി രാജീവും യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡനും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. യു ഡി എഫ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതിനാൽ ഹൈബിയുടെ പ്രചാരണം നേരത്തെ ആരംഭിക്കാനായില്ലെങ്കിലും രാജീവിനൊപ്പമെത്താൻ മണ്ഡലം കറങ്ങിയുള്ള വിശ്രമമില്ലാത്ത പ്രയത്‌നത്തിലാണ് അദ്ദേഹം.
എൻ ഡി എ സ്ഥാനാർഥിയായ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും ആവേശകരമായ പ്രചാരണത്തിലാണ്.

എറണാകുളം എം എൽ എ കൂടിയായ ഹൈബി ഈഡൻ പൊതുരംഗത്ത് നിറസാന്നിധ്യമാണെന്നതാണ് യു ഡി എഫിന് മുതൽക്കൂട്ടാകുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ എറണാകുളം ഹൈബി ഈഡനിലൂടെ നിലനിർത്താനാണ് നീക്കം. 2009 ജനുവരിയിൽ ഇന്ത്യാടുഡേ കേരളത്തിലെ വളർന്നുവരുന്ന യുവാക്കളിൽ ഒരാളായി തിരഞ്ഞെടുത്തത് ഹൈബിയെയായിരുന്നു.

കോളജ് പഠന കാലം മുതലേ കെ എസ് യുവിലൂടെ രാഷ്‍ട്രീയ രംഗത്ത് സജീവമായ ഹൈബി, പിതാവ് ജോർജ് ഈഡന്റെ വഴിയിലൂടെ ലോക്‌സഭയിലെത്തുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളിലെ വിശ്വാസം. എറണാകുളം മണ്ഡലത്തിൽ ഏഴ് വർഷം എം പിയായ ജോർജ് ഈഡൻ 1999ലെ പൊതു തിരഞ്ഞെടുപ്പിൽ 125,000 വോട്ടുകൾക്കായിരുന്നു എതിർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഇത്തവണ ജോർജ് ഈഡന്റെ ഭൂരിപക്ഷം മകൻ മറികടക്കുമോയെന്നതാണ് യു ഡി എഫ് പ്രവർത്തകർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഹൈബി 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിറ്റിംഗ് എം പിയായ പ്രൊഫ. കെ വി തോമസ് യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണം ആരംഭിച്ചിരുന്നുവെങ്കിലും ഹൈബി ഈഡനെയായിരുന്നു മണ്ഡലത്തിൽ അങ്കത്തിനിറങ്ങാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇതോടെ കോൺഗ്രസിലെ യുവജനങ്ങളും പ്രചാരണത്തിന് ഒറ്റക്കെട്ടായി ഇറങ്ങുകയായിരുന്നു. മണ്ഡലത്തിലെ പ്രബല സമുദായമായ ലത്തീൻ കത്തോലിക്ക വിഭാഗം ഹൈബിയെ പിന്തുണക്കുമെന്ന വിശ്വാസവും യു ഡി എഫിനുണ്ട്.
മികച്ച പാർലിമെന്റേറിയൻ എന്ന നിലയിൽ പേരെടുത്തയാളാണ് എൽ ഡി എഫ് സ്ഥാനാർഥി പി രാജീവ്. മണ്ഡലത്തിൽ ആദ്യം പ്രചാരണത്തിനിറങ്ങിയതും രാജീവായിരുന്നു. മുൻ രാജ്യസഭാ എം പിയായ രാജീവിന്റെ സേവനം എതിർപക്ഷത്തുള്ളവർ പോലും സമ്മതിക്കുന്നുവെന്നതാണ് എൽ ഡി എഫ് ക്യാമ്പിന് ആശ്വാസമാകുന്നത്. യു ഡി എഫ് സ്ഥാനാർഥിയായി നേരത്തെ പ്രൊഫ. കെ വി തോമസ് രംഗത്തിറങ്ങിയപ്പോൾ എൽ ഡി എഫ് കേന്ദ്രങ്ങളിൽ രാജീവിന്റെ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ എതിർപക്ഷത്ത് ഹൈബിയെത്തിയതോടെ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്ര യത്‌നത്തിലാണ് ഇടത് പ്രവർത്തകർ.

കോൺഗ്രസിന്റെ ഉറച്ച കോട്ടയായാണ് എറണാകുളത്തെ ചരിത്രം അടയാളപ്പെടുത്തുന്നുവെങ്കിലും രാജീവിന്റെ വ്യക്തി പ്രഭാവത്തിലൂടെ ചരിത്രം തിരുത്തിയെഴുതാനാണ് എൽ ഡി എഫ് പ്രവർത്തകരുടെ നീക്കം. അഞ്ച് തവണ ഇടതുപക്ഷത്തെ വിജയിപ്പിച്ച മണ്ഡലമായതിനാൽ ആഞ്ഞുപിടിച്ചാൽ ഒപ്പം പോരുമെന്ന വിശ്വാസത്തിലാണ് എൽ ഡി എഫ് ക്യാമ്പുകൾ. ന്യൂനപക്ഷങ്ങളുടെ ശബ്ദമായി പാർലിമെന്റിൽ രാജീവിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നവർ മണ്ഡലത്തിലെ ന്യൂനപക്ഷ സമുദായത്തിലുണ്ടെന്ന തിരിച്ചറിവും രാജീവിന് ഉണർവേകുന്നു.

സി പി എം എറണാകുളം ജില്ലാ മുൻ സെക്രട്ടറി കൂടിയായ രാജീവിന് പാർട്ടി പ്രവർത്തകരുടെ വോട്ടുകളും നിഷ്പക്ഷരുടെ വോട്ടുകളും ഉപകാരം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എറണാകുളത്ത് നിന്നൊരു കേന്ദ്ര മന്ത്രി എന്ന മുദ്രാവാക്യവുമായാണ് അൽഫോൻസ് കണ്ണന്താനത്തിന് വേണ്ടി എൻ ഡി എ വോട്ട് തേടുന്നത്. കേന്ദ്ര ടൂറിസം മന്ത്രിയെന്ന നിലയിൽ കണ്ണന്താനത്തിന്റെ സേവനങ്ങൾ പ്രചരിപ്പിക്കുന്നതൊടൊപ്പം മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളും ബി ജെ പി പ്രവർത്തകർ ഉയർത്തിക്കാട്ടുന്നുണ്ട്. ശബരിമല ആചാര സംരംക്ഷണ സമരങ്ങൾ ഒട്ടേറെ നടന്ന സ്ഥലമാണ് എറണാകുളമെന്നതിനാൽ ഹൈന്ദവ വിശ്വാസികളുടെ വോട്ട് പെട്ടിയിലാകുമെന്ന പ്രതീക്ഷയും ബി ജി പിക്ക് ഇല്ലാതില്ല.

മണ്ഡലം മാറി പ്രചാരണം നടത്തിയും അതി പുലർച്ചെ പ്രചാരണം തുടങ്ങിയും വ്യായാമത്തിനിടെ വോട്ട് തേടിയും കോടതി കയറി വോട്ട് ചോദിച്ചുമെല്ലാം സമ്മതിദായകരെ ചിരിപ്പിച്ചാണ് കണ്ണന്താനത്തിന്റെ പ്രകടനം. പ്രചാരണത്തിൽ എതിർ സ്ഥാനാർഥികളായ യുവാക്കളോടൊപ്പം എത്താൻ പൊരിവെയിലിലും പ്രായം മറന്ന് പ്രവർത്തിക്കുകയാണ് അദ്ദേഹം. ഐ എ എസുകാരൻ കൂടിയായ കണ്ണന്താനത്തിന് പ്രചാരണത്തിനിടെ സംഭവിച്ച അബദ്ധങ്ങൾ ട്രോളുകളിലും നിറയുകയാണ്.

Latest