Connect with us

National

'മോദിയുടെ നൂറു തെറ്റുകള്‍'; ബി ജെ പി സര്‍ക്കാറിനെതിരെ പുസ്തകവുമായി കോണ്‍ഗ്രസ്

Published

|

Last Updated

മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ “മോദിയുടെ നൂറു തെറ്റുകള്‍” എന്ന പേരില്‍ പുസ്തകമിറക്കി കോണ്‍ഗ്രസ്. മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റിയാണ് നൂറു പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത്. പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ കാര്‍ഗെ, കെ സി വേണുഗോപാല്‍, അശോക് ചവാന്‍ എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ വച്ചായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ദാദറിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി ഭവനിലാണ് ചടങ്ങ് നടന്നത്.

റഫാല്‍ ഇടപാടാണ് മോദി ചെയ്ത ആദ്യ തെറ്റെന്ന് പുസ്തകം പറയുന്നു. “റഫാല്‍ കരാര്‍, അംബാനിയുടെ വിജയം” എന്ന തലക്കെട്ടിലുള്ള പ്രഥമ അധ്യായത്തിലാണ് ഈ വിഷയം വിശദീകരിക്കുന്നത്. 58 കോടി രൂപക്കാണ് 36 യുദ്ധജെറ്റുകള്‍ വാങ്ങുന്നതിനുള്ള കരാറുണ്ടാക്കിയതെന്നും ഇത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്ന കരാറിന്റെ മൂന്നിരട്ടിയാണെന്നും ഇതില്‍ ആരോപിക്കുന്നു.

മാത്രമല്ല, വ്യവസായ ഭീമനും റിലയന്‍സ് കമ്പനി ചെയര്‍മാനുമായ അനില്‍ അംബാനിക്കു വേണ്ടിയാണ് ഈ രൂപത്തില്‍ കരാര്‍ രൂപവത്കരിച്ചത്. യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചാണ് ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സ് ആഗോള തലത്തില്‍ പ്രസിദ്ധി നേടിയത്. എന്നാല്‍, മറുവശത്ത് പ്രതിരോധ മേഖലയിലെ ഉത്പാദനത്തില്‍ റിലയന്‍സിന് മുന്‍ അനുഭവങ്ങളൊന്നുമില്ല.

മഹാഭാരതത്തില്‍ ശിശുപാലന്റെ നൂറു തെറ്റുകള്‍ ഭഗവാന്‍ കൃഷ്ണന്‍ ക്ഷമിച്ചതായി പറയുന്നുണ്ട്. അതുപോലെ ബി ജെ പിയുടെ ശിശുപാലനായ പ്രധാന മന്ത്രി നരേന്ദ്ര മോദി ചെയ്തുകൂട്ടിയ നൂറു തെറ്റുകളുടെ തിക്തഫലം ജനങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. ഇനി ജനങ്ങള്‍ ക്ഷമിക്കരുത്. “അച്ചേ ദിന്‍” എന്ന മുദ്രാവാക്യവുമായി അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാതലത്തിലും പരാജയപ്പെട്ടതായി വ്യക്തമാക്കുന്ന പുസ്തകത്തില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന മോദി സര്‍ക്കാറിന് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്.

നോട്ടു നിരോധനം, തോന്നിയതു പോലെ നടപ്പിലാക്കിയ ജി എസ് ടി എന്നിവ മൂലം ജനം അനുഭവിക്കുന്ന ദുരിതങ്ങള്‍ തുടങ്ങിയവയും ഇതില്‍ വിശദീകരിക്കുന്നു. വ്യാജ വാഗ്്ദാനങ്ങള്‍ നല്‍കുന്ന ബി ജെ പി സര്‍ക്കാര്‍ പരസ്യ രംഗത്താണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പുസ്തകത്തില്‍ ആരോപണമുണ്ട്.

Latest