രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാര്‍: നരേന്ദ്ര മോദി

Posted on: March 31, 2019 7:07 pm | Last updated: March 31, 2019 at 10:11 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കുന്നത് കാവല്‍ക്കാരനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം മുമ്പ് തന്നെ രാജ്യത്തിന്റെ കാവല്‍ക്കാരനായി തിരഞ്ഞെടുത്ത ജനങ്ങള്‍ ഏല്‍പ്പിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. ഡല്‍ഹിയിലെ തല്‍കടോര സ്‌റ്റേഡിയത്തില്‍ നടന്ന ബി ജെ പിയുടെ ‘മേം ബി ഛൗക്കിദാര്‍’ (ഞാനും കാവല്‍ക്കാരനാണ്) പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താന്‍ മാത്രമല്ല, രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്ത്യക്കാരും കാവല്‍ക്കാരാണെന്നും മോദി പറഞ്ഞു. അതില്‍ രാജ്യത്തിനു പുറത്തുള്ളവനെന്നോ വിദ്യാഭ്യാസം ഉള്ളവന്‍, ഇല്ലാത്തവന്‍ എന്നോ യുവാവെന്നോ വയോധികനെന്നോ ഉള്ള വ്യത്യാസമില്ല. രാജ്യത്തിന് ആവശ്യം രാജാക്കന്മാരെയല്ല, കാവല്‍ക്കാരെയാണ്.

തന്റെ ഓരോ നീക്കത്തെയും ലക്ഷ്യം വച്ച് വിമര്‍ശനമുന്നയിക്കുന്നവരാണ് തന്നെ ജനകീയനാക്കിയതെന്നും ഒരു സഖ്യം രൂപപ്പെടുത്താന്‍ പോലും പ്രതിപക്ഷ കക്ഷികള്‍ പ്രയാസപ്പെടുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ALSO READ  പ്രധാനമന്ത്രി ഇന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും