Connect with us

Kozhikode

ഇന്ദിരക്കും സോണിയക്കും പിന്നാലെ രാഹുലും

Published

|

Last Updated

മുത്തശ്ശിയായ ഇന്ദിരാഗാന്ധിക്കും മാതാവായ സോണിയാഗാന്ധിക്കും പിന്നാലെ രാഹുൽഗാന്ധിയും ദക്ഷിണേന്ത്യയിൽ അങ്കച്ചുവടുറപ്പിക്കുന്നു. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും മാതൃക പിന്തുടർന്ന് ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ സന്നദ്ധമായിരിക്കുകയാണ് രാഹുൽ.

കർണാടകയിലെയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും കോൺഗ്രസ് നേതൃത്വം രാഹുലിന് മത്സരിക്കാൻ പച്ചപ്പരവതാനി വിരിച്ചപ്പോൾ നറുക്ക് വീണത് കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ്. 2004 മുതൽ രാഹുൽഗാന്ധിയെ പിന്തുണക്കുന്ന മണ്ഡലമാണ് അമേഠി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കാലിടറിയപ്പോഴും അമേഠി രാഹുലിനൊപ്പം അടിയുറച്ച് നിൽക്കുകയായിരുന്നു. എങ്കിലും ഇപ്പോൾ രാഹുലിന്റെ വിജയം ദേശീയ രാഷ്ട്രീയത്തിൽ അനിവാര്യമായ സാഹചര്യത്തിലാണ് രണ്ടാമതൊരു മണ്ഡലത്തിൽ കൂടി ജനവിധി തേടാൻ പാർട്ടി നേതൃത്വം നിർബന്ധിച്ചിരിക്കുന്നത്. 1978ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നും 1999ൽ സോണിയാഗാന്ധി കർണാടകയിലെ ബെല്ലാരിയിലും മത്സരിച്ച് ജയിച്ചിരുന്നു.

അടിയന്തരാവസ്ഥയെ തുടർന്ന് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നിട്ടും ഇന്ദിരാഗാന്ധിയെ കർണാടക കൈവിട്ടില്ല. ബെല്ലാരിയിൽ ബി ജെ പി നേതാവ് സുഷമാ സ്വരാജിനെ വൻഭൂരിപക്ഷത്തിനാണ് സോണിയാഗാന്ധി അടിയറവ് പറയിപ്പിച്ചത്.

ഇന്ദിരാഗാന്ധിയെയും സോണിയാഗാന്ധിയെയും ജയിപ്പിച്ച കർണാടകയിൽ കന്നഡിഗർ രാഹുൽഗാന്ധിയെയും വൻഭൂരിപക്ഷത്തോടെ ജയിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി സമീപനാളിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും കെ പി സി സി പ്രസിഡന്റ് ഡോ. ദിനേശ്ഗുണ്ടുറാവുവും ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയ്യയുമാണ് ഈ ആവശ്യമുന്നയിച്ചത്. രാഹുൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രതിനിധിയായിരിക്കണമെന്നും അതിന് കർണാടക തിരഞ്ഞെടുക്കണമെന്നുമായിരുന്നു ദിനേശ്ഗുണ്ടുറാവുവിന്റെ ആവശ്യം. കൽബുർഗിയിൽ കോൺഗ്രസ് റാലിക്കിടെ ഈ ആവശ്യമടങ്ങിയ കത്ത് അദ്ദേഹം രാഹുലിന് കൈമാറുകയും ചെയ്തിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഗുജറാത്തിലും യു പിയിലുമായി രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടിയിരുന്നു.