Connect with us

Ongoing News

ഫാ. ആന്റണി മാടശ്ശേരിയിൽ നിന്ന് ₹9.66 കോടി പിടിച്ചെടുത്തു

Published

|

Last Updated

ന്യൂഡൽഹി: ജലന്ധർ രൂപതക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ഡയറക്ടർ ജനറലായ ഫാ. ആന്റണി മാടശ്ശേരിയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 9.66 കോടി രൂപ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പഞ്ചാബ്- അംബാല ദേശീയ പാതയിൽ നിന്നാണ് ഫാ. ആന്റണിയും സംഘവും സഞ്ചരിച്ച കാറിൽ നിന്ന് പണം പിടിച്ചെടുത്തത്.
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജയിലിലായ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ സ്ഥാപിച്ചതാണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസ്. ഫ്രാങ്കോ മുളക്കലിന്റെ അടുത്ത സഹായിയാണ് ഫാ. ആന്റണി മാടശ്ശേരി.

മൊഴിയെടുത്ത ശേഷം പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച് ഫാ. ആന്റണി അടക്കമുള്ളവരെ വിട്ടയച്ചു. ഹവാലാ പണമാണോ എന്നതടക്കമുള്ള വിഷയങ്ങളിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. കാറിൽ നിന്ന് പണം പിടിച്ചെടുത്തപ്പോൾ ഫാ. ആന്റണി മാടശ്ശേരിക്കൊപ്പമുണ്ടായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെയും പഞ്ചാബ്- ഹിമാചൽ സ്വദേശികളെയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രി മാടശ്ശേരിയുടെ വീട്ടിലും ഫാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.

രഹസ്യവിവരത്തെ തുടർന്നാണ് ദേശീയപാതയിൽ മാടശ്ശേരിയും സംഘവും സഞ്ചരിച്ച കാറുകൾ തടഞ്ഞ് പരിശോധന നടത്തിയത്. അതേസമയം ജലന്ധർ രൂപതക്ക് കീഴിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച സഹോദയ കമ്പനിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നതെന്നും ഫാ.ആന്റണി മാടശ്ശേരി സഹോദയയുടെ മാനേജിംഗ് ഡയറക്ടറാണെന്നും കമ്പനി അധികൃതർ അറിയിച്ചു. കമ്പനിക്ക് കീഴിലുള്ള വിവിധ സ്കൂളുകളിലെ പാഠപുസ്തക വിതരണത്തിലൂടെ ശേഖരിച്ച പണമാണിതെന്നും അനുവദിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ കൃത്യമായ രേഖകൾ ഹാജരാക്കുമെന്നും അവർ പറയുന്നു.

Latest