പെരുമാറ്റച്ചട്ട ലംഘനം: റെയില്‍വേ, വ്യോമ മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Posted on: March 30, 2019 7:23 pm | Last updated: March 30, 2019 at 8:16 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റെയില്‍വേ മന്ത്രാലയത്തിനും സിവില്‍ വ്യോമയാന മന്ത്രാലയത്തിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം പതിച്ച കപ്പില്‍ ട്രെയിനില്‍ ചായ വിതരണം ചെയ്ത സംഭവത്തിലാണ് റെയില്‍വേ മന്ത്രാലയത്തിന് നോട്ടീസ് നല്‍കിയത്. എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചുവെന്ന പരാതിതിയിലാണ് വ്യോമയാന മന്ത്രാലയത്തിനുള്ള നോട്ടീസ്. ഇന്ന് തന്നെ മറുപടി നല്‍കണമെന്നാണ് രണ്ട് മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

റെയില്‍വേ ടിക്കറ്റിലും ബോര്‍ഡിംഗ് പാസിലും പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചത് നേരത്തെ തന്നെ കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു. സംഭവം വിവാദമായതോടെ രണ്ടും പിന്‍വലിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ബിജെപി മുദ്രാവാക്യമായ മേം ഭീ ചോകീധാര്‍ എന്ന് രേഖപ്പെടുത്തിയ കപ്പില്‍ ശതാബ്ദി ട്രെയിനുകളില്‍ ചായ വിതരണം നടത്തിയത്. ഇതും പിന്നീട് നിര്‍ത്തിവെച്ചിരുന്നു.