മദ്യപിക്കുന്നതിനിടെ തര്‍ക്കം; യുവാവിനെ അമ്മാവന്‍ തലക്കടിച്ച് കൊലപ്പെടുത്തി

Posted on: March 30, 2019 1:00 pm | Last updated: March 30, 2019 at 4:40 pm

തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ അമ്മാവന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. കടക്കാവൂര്‍ വെള്ളിപ്പാട്ടുമൂല കൊച്ചുതെങ്ങുവിള വീട്ടില്‍ വിനോദ്(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിനോദിന്റെ മാതൃസഹോദരന്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അശോകന്റെ വീടിന് സമീപം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ അശോകന്‍ വിനോദിനെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് വിനോദിനെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് അശോകന്‍.