Connect with us

Articles

ഹരിണ ഹരി കരി കരടി ഗിരികിരി...

Published

|

Last Updated

അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. രാത്രിയാണ്. കൂടു തകര്‍ത്താണ് ആക്രമണം. പുലിയിറങ്ങി നാട്ടില്‍. കാട്ടിലായിരുന്നു ഇതുവരെയും. ഒന്നും കിട്ടാനില്ല. ഇനി നാടാണ് രക്ഷ. ഈ മനുഷ്യരൊക്കെ ആടിനെയും പശുവിനെയും പോറ്റുന്നുണ്ടല്ലോ. ഒന്നിനെ തട്ടാം.

കാട്ടാന നാട്ടിലിറങ്ങിയാല്‍ എന്തു കാട്ടാനാ എന്നു ചോദിച്ചത് കവിയാണ്. രണ്ട് മണിക്കൂര്‍ നാട് വിറപ്പിച്ച ആന ഇനിയെന്തു കാട്ടാനാണ്? കടുവയുടെ ആക്രമണത്തില്‍ മരിച്ചതും പരുക്കേറ്റതും മനുഷ്യര്‍. ഈ മൃഗങ്ങളൊക്കെ എന്താ നാട്ടില്‍? നാട് കാണാനിറങ്ങിയതല്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേട്ടിട്ടുമല്ല. അവക്ക് കാട്ടില്‍ ഇരിക്കപ്പൊറുതിയില്ല. കൈയേറ്റമാണെങ്ങും.

മനുഷ്യന്‍ മല തുരന്നു, കാട് വെട്ടിത്തെളിച്ചു. കാട്ടിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടു. അവ നാട്ടിലിറങ്ങി. നാട് വാഴാനുള്ള തയ്യാറെടുപ്പിലാണ്. അജ്ഞാത ജീവിയുടെ കൂട് തകര്‍ന്നപ്പോഴാണ് അവ നാട്ടിലിറങ്ങി ആടിന്റെ കൂട് തകര്‍ത്തത്. കാട്ടിലെങ്ങും നിലനില്‍പ്പില്ലാതായതോടെയാണ് കാട്ടാന നാട്ടിലിറങ്ങിയത്.

കാട്ടിലെ സൗഭാഗ്യങ്ങള്‍ക്കിടയില്‍ വാഴുകയായിരുന്നു.

ഹരിണഹരികരികരടിഗിരികിരി-
ഹരിശാര്‍ദ്ദൂലാദികളമിത വന്യമൃഗം
എന്ന് എഴുത്തച്ഛന്‍ എഴുതിയിട്ടുണ്ട്. മാന്‍, കുരങ്ങ്, ആന, മലമ്പന്നി, സിംഹം എന്നിങ്ങനെ അസംഖ്യം മൃഗങ്ങള്‍. അന്ന് ധാരാളം മൃഗങ്ങളുള്ളപ്പോള്‍ നായാട്ട്. ഇന്ന് മൃഗസംഖ്യ കുറഞ്ഞു. എന്നാല്‍ നായാട്ടിന് ഒരു കുറവുമില്ല. ആറാട്ട് തന്നെ!

ആവാസവ്യവസ്ഥ നഷ്ടപ്പെട്ടാല്‍ പാര്‍ട്ടികളും ഇങ്ങനെ തന്നെ. നേതാക്കളുടെ സ്ഥിതിയും ഇതു തന്നെ. ചിലപ്പോള്‍ വംശനാശം തന്നെയായിരിക്കും ഫലം. ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. പണ്ട് വലിയ തറവാടായിരുന്നു. ഹിന്ദി മേഖലയില്‍ വാഴുകയായിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായി നേതാക്കള്‍. ആരെയും പേടിയില്ലാതെ രാജാവായി, രാജ്ഞിയായി, രാജകുമാരനായി… ഇപ്പോള്‍ രണ്ട് സീറ്റില്‍ തന്നെ മത്സരിക്കാന്‍ പേടിയാണ്. അപ്പോള്‍ എന്തു ചെയ്യും? തെക്കോട്ടേക്ക് നീങ്ങിയാലോ എന്നാണ്. അപ്പോള്‍ ഇവിടെയുള്ള രണ്ട് സീറ്റും പോകുമോ? ആധിയാണ്.

പണ്ടേ പറയാറുള്ളതാണ്. മൂന്ന് സംസ്ഥാനത്ത് കണ്ടു വരുന്ന പാര്‍ട്ടിയാണെന്ന്. എങ്കിലും എം പിയായി, എം എല്‍ എയായി, മന്ത്രിയായി, മുഖ്യമന്ത്രിയായി വര്‍ഷങ്ങള്‍. പ്രധാനമന്ത്രിയാകാനും ഓഫര്‍ വന്നു. ഇപ്പോള്‍ കാര്യം കഷ്ടമാണേയ്. പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നാണ് തോന്നുന്നത്. ഒരിടത്ത്, ഒരു മുഖ്യമന്ത്രിയുമായി… ഡല്‍ഹിയിലുള്ള നേതാവ് ഇങ്ങ് മത്സരിക്കാന്‍ വരുന്നെന്നൊക്കെ കേട്ടിരുന്നു. പിന്നെ ഒന്നും കേട്ടില്ല. വാസസ്ഥലം നഷ്ടപ്പെടുകയാണ്.

ചിഹ്നം തെളിഞ്ഞു കാണുന്നില്ലെന്ന് പറയുന്നവരുമുണ്ട്. പാര്‍ട്ടി തന്നെ തെളിഞ്ഞു കാണാനില്ല, പിന്നല്ലേ ചിഹ്നം? മലപ്പുറത്തും പൊന്നാനിയിലും ഇതുതന്നെയാണ് അവസ്ഥ. ഒന്നിനുമില്ല ഒരു നിശ്ചയം… പുറമെ ചിരിക്കുമ്പോഴും അകത്ത് വേവലാതിയാണ്. നെഞ്ചിനുള്ളില്‍ തീയാണ്…

നേതാക്കളും ഇങ്ങനെ തന്നെ. ചാടാന്‍ കാത്തിരിക്കുകയാണ്. പച്ചപ്പ് കുറയുമ്പോള്‍, തീനും കുടിയും തീരുമ്പോള്‍ അക്കരേക്ക് ചാടും. ഇനി ഇതില്‍ നിന്നാല്‍ രക്ഷയില്ല. പുതിയ വേഷത്തില്‍, പുതിയ ഭാവവുമായി അവര്‍.
പാര്‍ട്ടികള്‍ അങ്ങനെ, നേതാക്കള്‍ ഇങ്ങനെ. പാവം വോട്ടര്‍മാരോ? അവര്‍ അതുപോലെത്തന്നെ. വാഗ്ദാനങ്ങള്‍ കേട്ട്, ഓരോ അഞ്ച് കൊല്ലവും വോട്ട് ചെയ്ത്… വംശനാശം വരാതെ..!

Latest