Connect with us

Sports

പലര്‍ക്കും സന്തോഷമാകും എന്റെ വിരമിക്കല്‍ - ഹിഗ്വെയിന്‍

Published

|

Last Updated

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീന സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഈ വര്‍ഷത്തെ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് കാത്ത് നില്‍ക്കാതെയാണ് ഹിഗ്വെയിന്റെ ബൂട്ടഴിക്കല്‍. പലര്‍ക്കും സന്തോഷമാകും എന്റെ വിരമിക്കല്‍ – ഹിഗ്വെയിന്‍ തീരുമാനം അറിയിച്ച ശേഷം പറഞ്ഞു.
ക്ലബ്ബ് ഫുട്‌ബോളില്‍ ചെല്‍സിയുടെ താരമാണ് ഹിഗ്വെയിന്‍. മുപ്പത്തൊന്ന് വയസുള്ള അര്‍ജന്റൈന്‍ സ്‌ട്രൈക്കകര്‍ രാജ്യത്തിനായി 71 മത്സരങ്ങള്‍ കളിച്ചു. മുപ്പത്തൊന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. 2018 ലോകകപ്പിന്‌ശേഷം ദേശീയ ടീമില്‍ കാര്യമായി റോളില്ലാതെ പോയ ഹിഗ്വെയിന് തിരിച്ചുവരവ് എളുപ്പമല്ലായിരുന്നു.

താന്‍ നേടിയ ഗോളുകളേക്കാള്‍ താന്‍ പാഴാക്കിയ ഗോളുകളാണ് പലരും ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, എനിക്കുറപ്പുണ്ട് 2014 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരെ നേടിയ വിജയഗോള്‍ എല്ലാവരും ആഘോഷിച്ചിട്ടുണ്ട്.
ഒരാളെ തരംതാണ രീതിയില്‍ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന് കുടുംബമുണ്ടെന്ന് ഓര്‍ക്കണം. ഒരാള്‍ മാത്രമാകില്ല വേദനിക്കുന്നത്. രാജ്യത്തിന് വേണ്ടി എല്ലാം നല്‍കിയിട്ടും എന്റെ കുടുംബം വേദനിച്ചിട്ടുണ്ട് – ഹിഗ്വെയിന്‍ പറഞ്ഞു.
2014 ലോകകപ്പ് ഫൈനല്‍, 2015,2016 കോപ അമേരിക്ക ഫൈനലുകള്‍ കളിച്ച ഹിഗ്വെയിന് അര്‍ജന്റീന കുപ്പായത്തില്‍ കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യമുണ്ടായില്ല.

2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ ഹിഗ്വെയിന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പാഴാക്കിയ ഗോള്‍ ഇന്നും അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യുന്നു.
2015 കോപ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെയും ഹിഗ്വെയിന്‍ അവസരം പാഴാക്കി. ഷൂട്ടൗട്ടില്‍ കിക്ക് പുറത്തേക്കടിച്ചും ഹിഗ്വെയിന്‍ വില്ലനായി.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണ് ഹിഗ്വെയിന്റെ ലക്ഷ്യം. ഫുട്‌ബോളില്‍ ശേഷിക്കുന്ന കാലം ചെല്‍സിക്കൊപ്പവും. പ്രീമിയര്‍ ലീഗ് മനോഹരമാണ്, ഓരോ നിമിഷവും ആസ്വദിക്കുകയാണ് ഞാന്‍ – ഹിഗ്വെയിന്‍ പറഞ്ഞു. ജനുവരിയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസില്‍ നിന്ന് ലോണിലാണ് ഹിഗ്വെയിന്‍ ചെല്‍സിയിലെത്തിയത്.

Latest