ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം വാഹനങ്ങള്‍ വിറ്റു; ടാറ്റക്ക് ചരിത്ര നേട്ടം

Posted on: March 29, 2019 8:43 pm | Last updated: March 29, 2019 at 8:43 pm

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളി പത്ത് ലക്ഷത്തിലധികം വാഹനങ്ങള്‍ വില്‍പന നടത്തി ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയായ ടാറ്റ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലെ ഒരു വാഹന നിര്‍മാണ കമ്പനി ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. 2018ല്‍ 1.049 ദശലക്ഷം വാഹനങ്ങളാണ് ആഗോളവ്യാപകമായി ടാറ്റ വില്‍പന നടത്തിയത്. 2017ല്‍ ഇത് 0.986 ദശലക്ഷമായിരുന്നു.

പുതിയ നേട്ടത്തോടെ ചൈനീസ് വാഹന നിര്‍മാതാക്കളായ എസ്എഐസി, ചാംഗാന്‍ തുടങ്ങിയ കമ്പനികളെയാണ് ടാറ്റ പിന്തള്ളിയത്. ഉപഭോക്താക്കള്‍ക്ക് അവര്‍ നല്‍കുന്ന പണത്തിന് അനുസരിച്ച മൂല്യമുള്ള മികച്ച വാഹനങ്ങള്‍ നല്‍കിയതിനാലാണ് ഈ നേട്ടം കൈരിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചതെന്ന് ടാറ്റ മോട്ടോര്‍സ് സിഇഒ ഗ്യുണ്ടര്‍ ബുഷ്‌കെ പറഞ്ഞു.

അടുത്ത വര്‍ഷവും കൂടുതല്‍ പുതിയ കാറുകള്‍ അവതരിപ്പിച്ച് വിപണിയില്‍ താരമാകാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ടാറ്റയുടെ പുതിയ ആള്‍ട്‌റോസ് ഹാച്ച്ബാക്ക് ജനീവ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മാരുതി ആള്‍ട്ടോക്കും റെനോയുടെ ക്വിഡിനും ഭീഷണിയായി ചെറുകാറും വിപണിയിലെത്തിക്കാന്‍ ടാറ്റ ഒരുങ്ങുന്നുണ്ട്.