കോണ്‍ഗ്രസ് അഞ്ച് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു; വടകരയും വയനാടും ഒഴിഞ്ഞുതന്നെ

Posted on: March 29, 2019 7:21 pm | Last updated: March 29, 2019 at 10:14 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അസമിലെ നാല് മണ്ഡലങ്ങളിലെയും ഉത്തര്‍പ്രദേശിലെ ഒരു മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം, കേരളത്തിലെ വടകര, വയനാട് സീറ്റുകളിലെ സ്ഥാനാര്‍ഥികള്‍ ഈ പട്ടികയിലും ഇടംപിടിച്ചിട്ടില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോള്‍ വടകരയില്‍ കെ മുരളീധരന്‍ അനൗദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

രാഹുലിന്റെ സ്ഥാനാര്‍ഥിഥ്വം സംബന്ധിച്ച അനിശ്ചിതത്വമാണ് ഈ രണ്ടു സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിന് കാരണമെന്നാണ് സൂചന. വടകരയില്‍ കെ മുരളീധരന്‍ പ്രചാരണം തുടങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വയനാട്ടിലെ കാര്യത്തില്‍ തീരുമാനമായ ശേഷം അതിന്റെ കൂടെയാകും ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ് ഏറ്റവും ആദ്യം പ്രചാരണം നടത്തിയത്. എന്നാല്‍ ഇക്കാര്യം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി ഇന്നലെ നിഷേധിച്ചിരുന്നു. രാഹുല്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. മത്സരിക്കുന്ന കാര്യത്തില്‍ രാഹുലാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ, ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഉടന്‍ തീരുമാനമെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മത്സരിക്കണോ വേണ്ടയൊ എന്ന് താന്‍ തീരുമാനിച്ചിട്ടില്ലെന്നും ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.