ഭാര്യയെ സ്വന്തമാക്കാന്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: ശരവണഭവന്‍ ഉടമയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

Posted on: March 29, 2019 1:35 pm | Last updated: March 29, 2019 at 2:55 pm

ന്യൂഡല്‍ഹി: ഭാര്യയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശ്യംഖല ഉടമ പി രാജഗോപാ(72)ലിന് മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന രാജഗോപാലിനോട് ജുലൈ ഏഴിനകം കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു.

2001 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ശരവണഭവനിലെ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാരന്‍ എന്ന ജീവനക്കാരന്റെ ഭാര്യ ജീവ ജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചു. എന്നാല്‍ പ്രിന്‍സും ജീവജ്യോതിയും ഈ ആവശ്യം നിരസിച്ചു. ഇതേത്തുടര്‍ന്ന് വാടകക്കൊലയാളികളെ ഉപയോഗിച്ച് പ്രിന്‍സിനെ കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 2009ലാണ് മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ ശിക്ഷിച്ചത്. പിന്നീട് ആരോഗ്യനില കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ത്യക്ക് പുറമെ യുഎസ്, യുകെ എന്നിവയടക്കം 20 വിദേശ രാജ്യങ്ങളില്‍ ഹോട്ടലുകള്‍ക്ക് ഉടമയാണ് രാജഗോപാല്‍