മിഷന്‍ ശക്തി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Posted on: March 29, 2019 11:34 am | Last updated: March 29, 2019 at 11:34 am


പ്രതിരോധ രംഗത്ത് വന്‍ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഉപഗ്രഹവേധ മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചതിലൂടെ ലോകത്ത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രം കരഗതമായ നേട്ടത്തിലേക്ക് ഇന്ത്യയും കുതിച്ചിരിക്കുകയാണ്. മിഷന്‍ ശക്തി രാജ്യത്തിന് തരുന്ന ആത്മവിശ്വാസം ചെറുതല്ല. ബഹിരാകാശ യുദ്ധ ഭീഷണി നേരിടാന്‍ കെല്‍പ്പുണ്ടെന്ന പ്രഖ്യാപനമാണ് ഇന്ത്യ ഇതുവഴി നടത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ തീവ്രവാദി സംഘങ്ങള്‍ അവിടുത്തെ രാഷ്ട്രീയ- സൈനിക നേതൃത്വത്തില്‍ സ്വാധീനം ചെലുത്തുന്നിടത്തോളം കാലം ഈ അയല്‍രാജ്യം ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കും. ചൈനയില്‍ നിന്ന് എക്കാലവും ഇന്ത്യ കടുത്ത ഭീഷണി നേരിടുന്നുണ്ട്. ഈ രാജ്യങ്ങള്‍ നടത്തുന്ന ഗൂഢ കരുനീക്കങ്ങളില്‍ നിന്ന് ഇന്ത്യയെ അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ സംരക്ഷിച്ചു കൊള്ളുമെന്ന് കരുതി കാത്തിരിക്കുന്നത് മൗഢ്യമായിരിക്കും.

ഭൗമരാഷ്ട്രീയത്തിലെ നല്ല കളിക്കാരാണ് ഇത്തരം വന്‍കിട രാജ്യങ്ങളെന്ന് പലവട്ടം വ്യക്തമായതാണല്ലോ. അതുകൊണ്ട്, ചൈന 2007ല്‍ ആര്‍ജിക്കുകയും 2013ല്‍ ആവര്‍ത്തിച്ച് പരീക്ഷിച്ച് കുറ്റമറ്റതാക്കുകയും ചെയ്ത യുദ്ധ സാങ്കേതികത ഇന്ത്യ കൈവരിക്കുമ്പോള്‍ അത് വന്‍ കാല്‍വെപ്പായി തന്നെ വിശേഷിപ്പിക്കേണ്ടി വരും. അങ്ങനെ അഭിമാനം കൊള്ളുമ്പോഴും നിരവധിയായ ചോദ്യങ്ങള്‍ ഈ വിജയം തൊടുത്തു വിടുന്നുണ്ട്. യുദ്ധമാണോ സമാധാനമാണോ ഇന്ത്യ കാംക്ഷിക്കുന്നത് എന്നതാണ് ആദ്യത്തെ ചോദ്യം. ഇത്തരം നേട്ടങ്ങളെ വല്ലാത്ത ആഘോഷത്തോടെ അവതരിപ്പിക്കുമ്പോള്‍ എന്തുതരം ദേശീയതയാണ് ഉത്പാദിപ്പിക്കുന്നത് എന്നതും ചോദ്യമാണ്. ഈ പ്രഖ്യാപനത്തിനായി രാജ്യത്തിന്റെ പ്രധാനമന്ത്രി ഉപയോഗിച്ച രീതിയും വലിയ ചോദ്യങ്ങളുയര്‍ത്തുന്നു.
കാതോര്‍ക്കൂ, രാജ്യത്തോട് ചിലത് പറയാനുണ്ടെന്ന് മുന്‍കൂട്ടി ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എ സാറ്റ് പരീക്ഷണ പ്രഖ്യാപനം നടത്തിയത്.

നോട്ട് നിരോധനത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മയുള്ളത് കൊണ്ട് രാജ്യം പെട്ടെന്ന് മുള്‍മുനയിലായി. ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ഉപഗ്രഹവേധ മിസൈല്‍ ശേഷി ഇന്ത്യ കൈവരിച്ചിരിക്കുന്നുവെന്നും മൂന്ന് മിനുട്ട് കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയതെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരീക്ഷണം ഏതെങ്കിലും രാജ്യത്തിനെതിരായിരുന്നില്ലെന്നും സമുദ്ര നിരപ്പില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തിലുള്ള മുന്‍ നിശ്ചയിക്കപ്പെട്ട ഉപഗ്രഹമാണ് തകര്‍ത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭൂമിയോട് വളരെ അടുത്ത ഭ്രമണപഥത്തിലെ (ലോ എര്‍ത്ത് ഓര്‍ബിറ്റ്) ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇനി ഇന്ത്യക്ക് സാധിക്കും. കരയിലും കടലിലും ആകാശത്തും മാത്രമല്ല, ബഹിരാകാശത്തു നിന്നുപോലുമുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യ സജ്ജമായിരിക്കും. ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം അന്താരാഷ്ട്ര നിയമങ്ങളെയോ കരാറുകളെയോ ലംഘിക്കുന്നതല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

അടുത്തിടെ ഇന്ത്യ മൈക്രോസാറ്റ് (കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പ്) എല്‍ ഇ ഒയിലേക്ക് അയച്ചത് ചര്‍ച്ചാവിഷയമായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് അയച്ചതാണെന്നായിരുന്നു ഡി ആര്‍ ഡി ഒ വ്യക്തമാക്കിയത്. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹത്തെ തകര്‍ക്കുകയാണെങ്കില്‍ അത് യുദ്ധപ്രഖ്യാപനമായാണ് കണക്കാക്കുക.

2012ല്‍ അഗ്‌നി അഞ്ച് മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ തന്നെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഉപഗ്രഹവേധ സാങ്കേതികത ഇന്ത്യ ആര്‍ജിച്ചതാണ്. അന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി ആര്‍ ഡി ഒ) അധ്യക്ഷനായ വി കെ സാരസ്വത് ഇക്കാര്യം രാഷ്ട്രീയ നേതൃത്വത്തിന് മുമ്പില്‍ വെച്ചതുമാണ്. എന്നാല്‍ അന്നത്തെ യു പി എ സര്‍ക്കാര്‍ കാത്തിരിക്കാമെന്ന നിലപാടാണ് എടുത്തത്. അത് ഒരിക്കലും ദൗര്‍ബല്യമോ ഇച്ഛാശക്തിയില്ലായ്മയോ ആയിരുന്നില്ല.

മറിച്ച് ബഹിരാകാശ യുദ്ധത്തിന്റെ വിതാനത്തിലേക്ക് ഇന്ത്യ കാലെടുത്തു വെക്കേണ്ട എന്ന കരുതലിന്റെ ഭാഗമായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ബഹിരാകാശ മലിനീകരണത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്ന ഇന്ത്യക്ക് ഉപഗ്രഹ നിഗ്രഹത്തിന്റെ പ്രത്യാഘാതങ്ങളെ അവഗണിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇത്തരം പരീക്ഷണങ്ങള്‍ വഴി തകര്‍ക്കുന്ന ഉപഗ്രഹത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് കറങ്ങി നടക്കുന്നത് മനുഷ്യജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന നിരവധിയായ ഉപഗ്രഹങ്ങളുടെ സുരക്ഷയെ ബാധിക്കും. ബഹിരാകാശ മാലിന്യം മാനവരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയുമാണ്. ഇങ്ങനെ കറങ്ങിനടക്കുന്ന വലിയ അവശിഷ്ടങ്ങള്‍ 25,000 വരുമെന്നാണ് കണക്ക്. ചെറിയവ 10 ലക്ഷം കവിയും. മിഷന്‍ ശക്തിപ്രഖ്യാപനം കരുതലിന്റെയും സംയമനത്തിന്റെയും കാലം കഴിഞ്ഞുവെന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. യുദ്ധാസക്തിയാണ് ഇത് ആത്യന്തികമായി ഉത്പാദിപ്പിക്കുന്നത്.

ഈ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി തിരഞ്ഞെടുത്ത സമയവും രീതിയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പെരുമാറ്റച്ചട്ടത്തില്‍ ഇളവുണ്ടെന്ന ന്യായം ഇവിടെ നിലനില്‍ക്കില്ല. യുദ്ധസമാനമായ അടിയന്തര സാഹചര്യം ഇവിടെയില്ല. പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കേണ്ട കാര്യവുമില്ല. മോദി ഭരണകാലത്തിനിടക്ക് തന്നെ ഡി ആര്‍ ഡി ഒയും ഐ എസ് ആര്‍ ഒയും എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചു. അപ്പോഴൊന്നുമില്ലാത്ത നാടകീയതക്ക് ഇപ്പോള്‍ എന്ത് സാംഗത്യമാണുള്ളത്? നമ്മുടെ ശാസ്ത്ര സമൂഹം ആര്‍ജിച്ച വലിയൊരു നേട്ടത്തിന്റെ ക്രെഡിറ്റ് അവരില്‍ നിന്ന് തട്ടിയെടുത്ത് സ്വന്തമാക്കുന്നുവെന്ന ഒട്ടും കുലീനമല്ലാത്ത പ്രതിച്ഛായയാണ് പ്രധാനമന്ത്രിക്ക് ഈ അത്യാവേശം സമ്മാനിച്ചത്. മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഇത്തരം നാടകങ്ങള്‍ക്കൊന്നും സാധിക്കില്ലെന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം.