Connect with us

Kerala

ശബരിമല മുഖ്യ പ്രചാരണ വിഷയമല്ല: സുരേന്ദ്രനെ തിരുത്തി ശ്രീധരന്‍ പിള്ള

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച വിവാദങ്ങളും പ്രശ്‌നങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രചരണ വിഷയമാക്കുമെന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ നിലപാട് തള്ളി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള.

ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണ്. ശബരിമല പ്രധാന പ്രചരണ വിഷയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനങ്ങളും ബി ജെ പി തുടര്‍ ഭരണം നടത്തേണ്ടതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാവും പ്രചരണം നടക്കുകയെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ ശബരിമല മുഖ്യപ്രചാരണ വിഷയമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മറ്റെല്ലാ വിഷയങ്ങളെയും പോലെ ശബരിമലയും പ്രചാരണമാക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. പത്തനംതിട്ട സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും തുടരുന്നതായാണ്  ഇരു നേതാക്കളുടെയും വിത്യസ്ത പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ടുപിടിക്കുന്നത് ചട്ടലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Latest