Connect with us

National

ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈലിന് 1000 കിലോമീറ്റര്‍ പ്രഹര ശേഷി: ഡി ആര്‍ ഡി ഒ ചെയര്‍മാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹ വേദ മിസൈലിന് 1000 കിലോമീറ്റര്‍ പരിധിയിലെ ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുണ്ടെന്ന് ഡി ആര്‍ ഡി ഒ ചെയര്‍മാന്‍ സതീഷ് റെഡ്ഢി. മിസൈല്‍ പരീക്ഷണത്തിന് താഴ്ന്ന ഭ്രമണപഥത്തില്‍ 300 കിലോമീറ്റര്‍ പരിധി തിരഞ്ഞെടുത്തത് ബഹിരാകാശത്തെ മറ്റു വസ്തുക്കളെയും സംവിധാനങ്ങളെയും ബാധിക്കാതിരിക്കാനാണ്. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ബുധനാഴ്ച രാവിലെ 11.16ന് ഒറീസയിലെ ബലാസോര്‍ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന എ-സാറ്റ് മിസൈല്‍ മൂന്നു മിനുട്ടിനുള്ളില്‍ തന്നെ ഭൂമിയില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തിലുള്ള പ്രവര്‍ത്തന രഹിതമായ ഒരു ഉപഗ്രഹത്തില്‍ പതിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ തയാറാക്കിയ മിസൈല്‍ പാളിച്ചകളൊന്നുമില്ലാതെ ലക്ഷ്യത്തിലെത്തിക്കാനായെന്ന് സതീഷ് റെഡ്ഢി പറഞ്ഞു.

വിമാനങ്ങളെയും മറ്റും തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ബാലിസ്റ്റിക് ആയുധങ്ങളിലെ സാങ്കേതിക വിദ്യകളാണ് ഈ മിസൈലില്‍ സംവിധാനിച്ചിട്ടുള്ളത്. താഴ്ന്ന ഭ്രമണപഥത്തിലെ എല്ലാ ഉപഗ്രഹങ്ങളെയും ലക്ഷ്യംവെക്കാന്‍ ഇതിനു ശേഷിയുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മിസൈല്‍ നിര്‍മിച്ചതിനു പിന്നില്‍ നിരവധി ശാസ്ത്രജ്ഞരുടെ കഠിനാധ്വാനമുണ്ടെന്നും റെഡ്ഢി പറഞ്ഞു.