പശുഹത്യാ കേസുകളില്‍ എന്‍ എസ് എ: തെറ്റ് ഏറ്റുപറഞ്ഞ് കമല്‍നാഥ്

Posted on: March 27, 2019 3:09 pm | Last updated: March 27, 2019 at 3:09 pm

ഭോപ്പാല്‍: പശുഹത്യാ കേസുകളില്‍ എന്‍ എസ് എ ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും കഴിഞ്ഞ ദിവസം പോലീസിന്റെ ഭാഗത്ത്‌നിന്നുണ്ടായ നടപടി തെറ്റാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മുന്‍ സര്‍ക്കാറിന്റെ നയം പോലീസിന്റെ താഴെക്കിടയിലുള്ളവര്‍ വീണട്ും തുടരുകയായിരുന്നു. ഇനി ഇത്തരത്തില്‍ ഒരു കേസ് ഉണ്ടാകില്ലെന്നും ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍നാഥ് പറഞ്ഞു

.എന്‍ എസ് എ ചുമത്തിയത് എന്നെ ഞെട്ടിച്ചു. ഞങ്ങള്‍ ഭരണത്തിലേറിയ ഉടനെയാണ് ഇത് നടന്നത്. അതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. എന്നാല്‍ പശു സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. ഇതിനായി ഷല്‍ട്ടറുകള്‍ നിര്‍മിക്കും. പശുവിന് ഇന്ത്യയില്‍ വലിയ പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് സര്‍ക്കാര്‍ പശുവിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.