‘പ്രധാന മന്ത്രിക്ക് നാടക ദിന ആശംസകള്‍’; മോദിയെ കണക്കിനു കളിയാക്കി രാഹുല്‍

Posted on: March 27, 2019 3:02 pm | Last updated: March 27, 2019 at 8:51 pm

ന്യൂഡല്‍ഹി: ഇന്ത്യ ഉപഗ്രഹ മിസൈല്‍ വേധ ശേഷി കൈവരിച്ചതായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസ്താവിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണക്കിനു കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മികച്ച നേട്ടം സ്വായത്തമാക്കിയ പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷനെ (ഡി ആര്‍ ഡി ഒ) അഭിനന്ദിച്ച രാഹുല്‍ പ്രധാന മന്ത്രിക്ക് ലോക നാടക ദിന ആശംസകള്‍ നേര്‍ന്നു.

ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചെന്നും ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നും പ്രധാന മന്ത്രി രാജ്യത്തെ അറിയിച്ചതിനെ പിന്തുടര്‍ന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഡി ആര്‍ ഡി ഒയെ അഭിനന്ദിക്കുന്നു, നിങ്ങളുടെ നേട്ടത്തില്‍ അത്യധികം അഭിമാനിക്കുന്നു. പ്രധാന മന്ത്രിക്ക് ലോക നാടക ദിന ആശംസകള്‍ നേരാനും ആഗ്രഹിക്കുന്നു’- രാഹുല്‍ ട്വീറ്റ് ചെയ്തു.

രാവിലെ 11.23ഓടെയാണ് 11.45 മുതല്‍ 12 വരെ താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും സുപ്രധാന വിവരം പങ്കുവെക്കുമെന്നും പ്രധാന മന്ത്രി ഹിന്ദിയിലും ഇംഗ്ലീഷിലുമായി ട്വീറ്റ് ചെയ്തത്. ടിവി, റേഡിയോ, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലെല്ലാം ഇതു കാണാനാകുമെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. മിനുട്ടുകള്‍ക്കകം ട്വീറ്റ് വയറലായി. എന്നാല്‍, രാജ്യത്തെ ഒരു മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം 12.26നാണ് അദ്ദേഹം തന്റെ അഭിസംബോധന പ്രസംഗം നടത്തിയത്.

ഇതിനു മുമ്പ് 2016 നവംബര്‍ എട്ടിനാണ് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. 1000, 500 നോട്ടുകള്‍ നിരോധിക്കുന്നതായി അറിയിക്കാനായിരുന്നു ഇത്.