വീണ്ടും പരുക്ക്; റോണാൾഡോ മടങ്ങി

Posted on: March 27, 2019 11:57 am | Last updated: March 27, 2019 at 11:57 am


ഇംഗ്ലണ്ട്: സെർബിയക്കെതിരായ മത്സരത്തിനിടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്. കുറേ മാസങ്ങളായി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന റൊണാൾഡോ കഴിഞ്ഞ ആഴ്ചയാണ് വീണ്ടും ദേശീയ മത്സരങ്ങൾ കളിച്ചു തുടങ്ങിയത്.

സെർബിയക്കെതിരായ മത്സരം ആരംഭിച്ച് അധിക സമയം കളിക്കാൻ റൊണാൾഡോക്ക് ഇന്നലെ കഴിഞ്ഞില്ല. വലതു കാലിലെ പേശിയിൽ വേദന അനുഭവപ്പെട്ട റൊണാൾഡോ പെട്ടെന്നു തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
കായിക താരങ്ങൾക്ക് സാധാരണയായി സംഭവിക്കാറുള്ള ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ് റൊണാൾഡോക്ക് പറ്റിയിട്ടുള്ളതെന്നാണ് കരുതുന്നത്. ഇതാണെങ്കിൽ താരത്തിന് കൂടുതൽ വിശ്രമം ആവശ്യമായി വരും.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ റൊണാൾഡോയുടെ അഭാവം അദ്ദേഹത്തിന്റെ ക്ലബ്ലായ യുവെന്റസിന് വലിയ തിരിച്ചടിയായി മാറിയേക്കും.
എന്നാൽ, തന്റെ പരുക്ക് സാരമുള്ളതല്ലെന്നും ഒന്നോ രണ്ടോ ആഴ്ച കൊണ്ട് കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് റൊണാൾഡോയുടെ പ്രതികരണം. എന്റെ ശരീരത്തെ കുറിച്ച് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് ആരും ആശങ്കപ്പെടേണ്ട. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങളിൽ ഞാനുണ്ടാകും- റൊണാൾഡോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ അയാക്സിനെയാണ് യുവെന്റസ് നേരിടേണ്ടത്.