നാമനിർദേശ പത്രികാ സമർപ്പണം നാളെ ആരംഭിക്കും

Posted on: March 27, 2019 11:05 am | Last updated: March 27, 2019 at 11:05 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം നാളെ ആരംഭിക്കും. അടുത്ത മാസം നാല് വരെയാണ് വരണാധികാരിയായ ജില്ലാ കലക്‍ടർമാർ പത്രികകൾ സ്വീകരിക്കുക. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെ കലക്‍ടറേറ്റിൽ പത്രികകൾ സ്വീകരിക്കും.

നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടിയാണ് സമർപ്പിക്കേണ്ടത്. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശ്ശികയുടെ വിവരങ്ങൾ തുടങ്ങിവ ഇതിൽ രേഖപ്പെടുത്തണം. നാമനിർദേശ പത്രിക സമർപ്പിക്കുന്നയാളുടെ പേരിൽ ക്രിമിനിൽ കേസുകൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച എഫ് ഐ ആർ അടക്കമുള്ള പൂർണ വിവരങ്ങളും ഫോം 26ൽ പരാമർശിക്കണം. ജനറൽ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാർഥികളാകാൻ കെട്ടിവെക്കേണ്ടത്.

അടുത്ത മാതസം അഞ്ചിന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. തുടർന്ന് ഏപ്രിൽ എട്ട് വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23ന് വോട്ടെണ്ണൽ. സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർ മാത്രമേ പത്രികാ സമർപ്പണത്തിന് എത്താവൂവെന്ന് നിർദേശമുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷന്റെ 100 മീറ്ററിനുള്ളിൽ സ്ഥാനാർഥിക്കൊപ്പം മൂന്ന് വാഹനങ്ങൾ മാത്രമേ കടത്തിവിടൂ.