Connect with us

Kerala

ഇന്നും നാളെയും താപനില 3 ഡിഗ്രി വരെ ഉയരും

Published

|

Last Updated

സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ കേരളം വേനൽചൂടിൽ ഉരുകിയൊലിക്കുന്നു. പാലക്കാട് ഇന്നലെ 41 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. കഴിഞ്ഞ രണ്ട് ദിവസമായി പാലക്കാട് ഈ സ്ഥിതി തുടരുകയാണ്.

ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ പാലക്കാടും ഉൾപ്പെടും. ഇതിനിടെ പത്തനംതിട്ട മാരമണിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ ഹോട്ടൽ തൊഴിലാളി ഷാജഹാൻ മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് സൂര്യാഘാതമേറ്റതുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ 37 പേർക്കാണ് പൊള്ളലേറ്റത്. ആലപ്പുഴ, എറണാകുളം- ഏഴ്, തൃശൂർ, പത്തനംതിട്ട, കാസർകോട്- ഒന്ന്, കണ്ണൂർ, മലപ്പുറം, കൊല്ലം- രണ്ട്, കോട്ടയം, പാലക്കാട്, കോഴിക്കോട്- നാല് എന്നിങ്ങനെയാണ് സൂര്യാതപമേറ്റവരുടെ കണക്കുകൾ.

23 പേർക്ക് ചൂട് മൂലം ശരീരത്തിൽ ചുവന്ന പാടുകൾ ഉണ്ടാകുന്ന ഹീറ്റ് റാഷും അനുഭവപ്പെട്ടു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയർന്നു. ഇടുക്കി രാജക്കാട് കർഷകനായ തകിടിയേൽ മാത്യു, കൊല്ലം പുനലൂരിൽ കെ എസ് ആർ ടി സി കണ്ടക്ടർ വെട്ടിക്കവല സ്വദേശി എൻ ജയചന്ദ്രൻപിള്ള, കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാലുവയസ്സുകാരി ആദിയ, പത്തനംതിട്ട കല്ലൂപ്പാറയിൽ പോസ്റ്റുമാൻ എം കെ രാജൻ, കോട്ടയം ഉദയനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് പ്രവർത്തകൻ അരുൺ, കോട്ടയം നഗരസഭയിലെ ശുചീകരണത്തൊഴിലാളി ശേഖരൻ, പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സ തേടിയത്. ഓങ്ങല്ലൂർ സ്വദേശികളായ രണ്ട് പേരെ പ്രാഥമിക ചികിത്സ നൽകിയയച്ചു.

അതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഈ മാസം ഇന്നലെ വരെ 3,481 പേർക്ക് ചിക്കൻ പോക്‌സും 39 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകിച്ചിട്ടുണ്ട്. ശുദ്ധജലം, ശുദ്ധമായ ഭക്ഷണം എന്നിവയുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നേരത്തെ നൽകിയ സൂര്യാഘാത ജാഗ്രതാ മുന്നറിയിപ്പ് നാളെ വരെ തുടരും.

ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം.
അതേസമയം ഏറ്റവും കൂടുതൽ പേർക്ക് പൊള്ളലേറ്റത് പത്തനംതിട്ടയിലാണ്. ജില്ലയിൽ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest