ഓർത്തഡോക്‌സ്-യാക്കോബായ തർക്കത്തിന് പരിഹാരമായില്ല

Posted on: March 26, 2019 11:28 am | Last updated: March 26, 2019 at 11:28 am


കൊച്ചി: ഓർത്തഡോക്‌സ്, യാക്കോബായ തർക്കം നിലനിൽക്കുന്ന പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിലെ പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇരു വിഭാഗമായും ഒന്നിച്ചും വെവ്വേറെയുമായി കലക്ടർ മുഹമ്മദ് വൈ സഫീറുള്ള ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും അവരവരുടെ നിലപാടിൽ ഉറച്ച് നിന്നു.

അയ്യായിരത്തോളം ഇടവക കുടുംബങ്ങളുള്ള പള്ളിയിൽ സമാധാനപരമായി ആരാധന നടത്താൻ വിശ്വാസികൾക്ക് അവസരം ലഭിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. കോടതി വിധി തങ്ങൾക്കനുകൂലമായ സാഹചര്യത്തിൽ പള്ളിക്കാര്യത്തിൽ പൂർണ അവകാശം തങ്ങൾക്കാണെന്ന നിലപാടിൽ ഓർത്തഡോക്‌സ് വിഭാഗം നിലയുറിപ്പിച്ചു. എന്നാൽ യോഗത്തിൽ പള്ളി പൂട്ടിക്കൊള്ളാനാണ് ഓർത്തഡോക്‌സ് വിഭാഗം പറഞ്ഞതെന്ന് യാക്കോബായ സഭ ആരോപിച്ചു.

കോടതി വിധിയെ തുടർന്ന് സഭ തങ്ങളെ പള്ളിക്ക് അകത്തേക്ക് കയറ്റുന്നില്ലെന്ന് ഓർത്തഡോക്‌സ് സഭ പ്രതിനിധികൾ പറഞ്ഞു. പ്രശ്‌നങ്ങളില്ലാതെ കോടതി വിധി നടപ്പാക്കാനുള്ള മാർഗങ്ങൾ ആരായുമെന്ന് പിന്നീട് കലക്ടർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സംഘർഷത്തിന് വഴിയൊരുങ്ങാതെ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സാധ്യതയാണ് ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം സ്വീകരിക്കുക.