തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ്- ലീഗ് ചേരി തിരിഞ്ഞ് പ്രകടനം

Posted on: March 26, 2019 10:43 am | Last updated: March 26, 2019 at 10:43 am


തിരൂരങ്ങാടി: യു ഡി എഫിന്റെ പേരിൽ നടത്തിയ പ്രകടനത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി മറ്റൊരു പ്രകടനം നടത്തി.
വെന്നിയൂരിൽ യൂത്ത്‌ലീഗ് പ്രവർത്തകനായ അനസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് തിരൂരങ്ങാടിയിൽ യു ഡി എഫിന്റെ പേരിൽ നടന്ന പ്രകടനത്തിൽ ലീഗുകാരും തൃക്കുളം ഭാഗത്തെ കോൺഗ്രസുകാരുമാണ് പങ്കെടുത്തിരുന്നത്. അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ ഈ പ്രകടനത്തിന് തൊട്ടുപിറകെ രാഹുൽ ഗാന്ധിക്കും കെ പി സി സി മെമ്പർ എം എൻ കുഞ്ഞിമുഹമ്മദ് ഹാജിക്കും സിന്ദാബാദ് വിളിച്ചുകൊണ്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും പ്രകടനം നടത്തി.
ഏതാനും ദിവസം മുൻപ് കെ പി സി സി അംഗവും മുതിർന്ന കോൺസ് നേതാവുമായ എം എൻ കുഞ്ഞിമുഹമ്മദ് ഹാജിയെ വെന്നിയൂരിൽ ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ പ്രവർത്തകർക്കെതിരെ ലീഗ് നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഇതിന് തുടർച്ചയെന്നോണം ഞായറാഴ്ച രാത്രിയിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വെന്നിയൂരിൽ വെച്ച് ഒരു സംഘം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ തിരൂരങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടന്നത്. ഇതോടെയാണ് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധക്കാർക്കെതിരെ മുദ്രാവാക്യവുമായി എത്തിയത്. കനത്ത പോലീസ് സാന്നിധ്യമാണ് സംഘർഷം ഒഴിവാക്കിയത്.
വെന്നിയൂരിലെ യൂത്ത് ലീഗ് പ്രവർത്തകനായ അനസിനെ അക്രമിച്ചു എന്ന പരാതിയിൽ തിരൂരങ്ങാടിയിലെ എം എൻ ഫിറോസ്, മുജാഫിർ, പലേക്കോടൻ ബാവ, പട്ടാളത്തിൽ ഹംസ എന്നിവർക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്.