പ്രളയത്തെ തുടർന്ന് ആവാസ മാറ്റം; അലങ്കാര മത്സ്യങ്ങൾ കുളങ്ങളിലും

Posted on: March 26, 2019 9:55 am | Last updated: March 26, 2019 at 9:55 am
കൈനിക്കരയിൽ കുളത്തിൽ നിന്നും കണ്ടെത്തിയ
സക്കർ ഫിഷ്

തിരൂർ: പ്രളയവും കാലാവസ്ഥാ മാറ്റങ്ങളും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകളെ തകിടം മറിച്ചതിനെ തുടർന്ന് ശുദ്ധജലത്തിൽ വളരുന്ന പല മത്സ്യങ്ങളും കുളത്തിലും പുഴകളിലും എത്തിപ്പെടുന്നു. കഴിഞ്ഞദിവസം തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കര സ്വദേശി റശീദിന് തന്റെ കുളത്തിൽ നിന്നും ഇത്തരത്തിൽ സക്കർഫിഷിനെ ലഭിച്ചിരുന്നു.

സാധാരണ കുളത്തിലോ അതുപോലെയുള്ള സ്ഥലങ്ങളിലോ ജീവിക്കുന്ന മത്സ്യയിനമല്ല സക്കർ ഫിഷ്.
വരൾച്ചയും കടുത്ത ഉഷ്ണവും ശക്തമായതോടെ മത്സ്യങ്ങൾക്കും ജീവിതമാറ്റങ്ങൾ സംഭവിക്കുകയാണ്. തിരൂരിൽ പുഴയിൽ ചൂണ്ടയിട്ട പലർക്കും ഇതിനകം നിരവധി അലങ്കാര മത്സ്യങ്ങളെയാണ് ലഭിച്ചത്. തെളിഞ്ഞ ശുദ്ധമായ ജലത്തിൽ കഴിയുന്ന ഇത്തരം മത്സ്യങ്ങളിൽ കാണുന്ന ഈ മാറ്റം ആവാസവ്യവസ്ഥകൾ തകിടം മറിഞ്ഞിതിന്റെ പ്രതിഫലനമാണെന്ന് തിരൂർ നടുവിലങ്ങാടിയിൽ അക്വേറിയം നടത്തുന്ന നവാസ് പറയുന്നു.

പറവകളിലും മത്സ്യങ്ങളിലുമെല്ലാം കാണുന്ന മാറ്റങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാകാൻ കാരണമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് അക്വേറിയങ്ങളിൽ നിന്നും ടാങ്കുകളിൽ നിന്നും പുറത്തെത്തിയ മത്സ്യങ്ങളിൽ പലതും ഇപ്പോഴും കുളങ്ങളിലും പുഴകളിലും കഴിയുന്നുണ്ട്. ശുദ്ധജലത്തിൽ മാത്രം ജീവിക്കാനാകുന്ന ഇത്തരം അലങ്കാര മത്സ്യങ്ങൾ മാലിന്യം കലർന്ന ജലസ്രോതസ്സുകളിൽ എങ്ങനെ കഴിയുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു.