ഇവിടെ അച്ഛനും മകളും നേർക്കുനേർ

Posted on: March 25, 2019 6:18 pm | Last updated: March 25, 2019 at 6:18 pm
വി കിശോർ ചന്ദ്ര ദിയോ, വി ശ്രുതി ദേവി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അരകു ലോക്‌സഭാ മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നത് അച്ഛനും മകളും തമ്മിലുള്ള രാഷ്ട്രീയ മത്സരത്തിലൂടെയാണ്. തെലുഗു ദേശം പാർട്ടി സ്ഥാനാർഥി വി കിശോർ ചന്ദ്ര ദിയോയെ നേരിടുന്നത് മകൾ വി ശ്രുതി ദേവിയാണ്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിൽ പാർലിമെന്റിൽ എത്തിയിട്ടുള്ള ദിയോ മുൻ കേന്ദ്രമന്ത്രി കൂടിയാണ്.

എന്നാൽ, 2014ലെ തിരഞ്ഞെടുപ്പിൽ ദിയോ വൈ എസ് ആർ കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസമാണ് ദിയോ പാർട്ടി വിട്ട് ടി ഡി പിയിൽ ചേർന്നത്. പഴയ സീറ്റിൽ ടി ഡി പി സ്ഥാനാർഥിയായി ദിയോ തന്നെ വരുമ്പോൾ അദ്ദേഹത്തിന്റെ മകളെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. വൈ എസ് ആർ കോൺഗ്രസ് സ്ഥാനാർഥിയായി സിറ്റിംഗ് സീറ്റ് നിലനിർത്താൻ ഇത്തവണ ഇറങ്ങുന്നത് ജി മാധവിയാണ്.
കഴിഞ്ഞ തവണ ജയിച്ച കോതാപള്ളി ഗീത വൈ എസ് ആർ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപവത്കരിക്കുകയും വിശാഖപട്ടണം സീറ്റിൽ മത്സരിക്കുകയും ചെയ്യുന്നുണ്ട്.
പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട മണ്ഡലമാണ് അരാകു. ഒഡീഷയുമായി അതിർത്തി പങ്കിടുന്ന ഈ മണ്ഡലം ഇടത് തീവ്ര സംഘടനകളുടെ ശക്തികേന്ദ്രം കൂടിയാണ്. മണ്ഡലത്തിലെ രണ്ടായിരത്തോളം ബൂത്തുകളിൽ എണ്ണൂറെണ്ണവും അതീവ സുരക്ഷ ആവശ്യമുള്ളവയാണ്. 2008ലാണ് മണ്ഡലം നിലവിൽ വന്നത്.