സോണിയക്കും രാഹുലിനുമെതിരെ അശ്ലീല പരാമര്‍ശം; ബി ജെ പി എം എല്‍ എ വിവാദക്കുരുക്കില്‍

Posted on: March 25, 2019 9:37 am | Last updated: March 25, 2019 at 11:47 am

ന്യൂഡല്‍ഹി: യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ അശ്ലീല പരാമര്‍ശവുമായി ബി ജെ പി എം എല്‍ എ. നടിയും നര്‍ത്തകിയുമായ സപ്‌ന ചൗധരിയെ സോണിയാ ഗാന്ധിയോട് ഉപമിച്ചാണ് യു പി എം എല്‍ എ. സുരേന്ദ്ര സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയായിരുന്നു എം എല്‍ എയുടെ പ്രതികരണം.

സോണിയ ഇറ്റലിയിലെ നൃത്തക്കാരിയായിരുന്നുവെന്നും പിതാവിന്റെ പാത പിന്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സപ്നയെ പാര്‍ട്ടിയിലേക്കെടുത്തതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
‘സോണിയയെ പോലുള്ള ഒരു നൃത്തക്കാരിയെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് കുടുംബത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുകയാണ് രാഹുല്‍. രാഹുലിന്റെ മാതാവ് സോണിയയും സപ്നയെ പോലെ നൃത്തക്കാരിയായിരുന്നു. നിങ്ങളുടെ പിതാവ് സോണിയയെ സ്വീകരിച്ച പോലെ നിങ്ങള്‍ സപ്നയെ സ്വന്തമാക്കിയിരിക്കുകയാണ്. രാജീവ് ഗാന്ധി സോണിയയെ വിവാഹം ചെയ്തതു പോലെ രാഹുല്‍ സപ്നയെ വിവാഹം കഴിക്കണം’- ഇങ്ങനെ പോയി എം എല്‍ എയുടെ പരാമര്‍ശങ്ങള്‍.

ഒരുപടി കൂടി കടന്ന്, ചാരിത്ര്യവാനും സത്യസന്ധനുമായ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പോലുള്ള നേതാവ് രാജ്യത്തുള്ളപ്പോള്‍ നൃത്തക്കാരികളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയം ഒരിക്കലും തയാറാകില്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞുകളഞ്ഞു. രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട രാഹുല്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് നൃത്തക്കാരികളെ ആശ്രയിക്കുകയാണ്.

അടുത്തിടെ  ബി എസ് പി നേതാവ് മായാവതിക്കെതിരെയും ബി ജെ പി എം എല്‍ എ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മായാവതി എല്ലാ ദിവസവും മുഖം മിനുക്കുകയും മുടിയില്‍ ചായം തേക്കുകയും ചെയ്യുന്നയാളാണെന്നും നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലെന്നുമാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. ആഡംബര ജീവിതം നയിക്കുമ്പോഴും മോദി യഥാര്‍ഥത്തില്‍ ചായ വില്‍പനക്കാരനും കാവല്‍ക്കാരനുമാണെന്ന മായാവതിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഇത്.