വെള്ളാപ്പള്ളിക്കെതിരെ പൊട്ടിത്തെറിച്ച് സുധീരന്‍; വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഡി സുഗതന്‍ ഇറങ്ങിപ്പോയി

Posted on: March 24, 2019 9:24 pm | Last updated: March 25, 2019 at 9:40 am

ആലപ്പുഴ: വെള്ളാപ്പള്ളിയോട് തനിക്കുള്ളത് നിലപാടുകളോടുള്ള വിയോജിപ്പ് മാത്രമെന്ന് വി എം സുധീരന്‍. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപത്തെക്കുറിച്ച് എന്തു പറയാനാണ്. ആ പ്രസ്ഥാനം എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് അതിന് വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. വെള്ളാപ്പള്ളി നാഴികക്ക് നാല്‍പതു വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നു. സി പി എം-ബിജെപി ബന്ധത്തിന്റെ കണ്ണിയാണ് അദ്ദേഹം.

വെള്ളാപ്പള്ളിയെ മുമ്പ് നികൃഷ്ടമായി വിമര്‍ശിച്ച സി പി എമ്മിനോട് തനിക്ക് സഹതാപം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളി വര്‍ഗീയ ഭ്രാന്തനാണെന്നു പറഞ്ഞ സി പി എമ്മാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പിറകെ നടക്കുന്നത്. സി പി എമ്മിന് രാഷ്ട്രീയ ജീര്‍ണ ബാധിച്ചിരിക്കുകയാണ്.

സുധീരന്റെ പ്രതികരണം കേട്ട് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് എസ് എന്‍ ട്രസ്റ്റിന്റെ എക്‌സിക്യുട്ടീവ് അംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍ ഇറങ്ങിപ്പോയി. വള്ളാപ്പള്ളിക്കെതിരെ പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. സുധീരന്‍ വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചെന്ന് സുഗതന്‍ പറഞ്ഞു. വെള്ളാപ്പള്ളിയെക്കുറിച്ച് പറഞ്ഞത് അനുചിതമായിപ്പോയി. വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ല. ഡി സുഗതന്‍ ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്ന് വി എം സുധീരന്‍ പിന്നീട് പറഞ്ഞു.